mahesh-mimics

തിയറ്ററിലും ഒടിടിയിലും തരംഗമായ വിക്രം സിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസൻ, നരേൻ, ഹരീഷ് പേരടി തുടങ്ങിയവർ ചിത്രത്തിൽ അണിനിരന്നു. ഒടിടിയിൽ മലയാളം പതിപ്പ് ഇറങ്ങിയതോെട അഭിമാനം വീണ്ടും ഉയർന്നു. വിക്രത്തിൽ ഏഴു പേർക്ക് ശബ്ദം നൽകിയത് ഒരാളാണ്. ശബ്ദാനുകരണ കലയിൽ പ്രശസ്തനായ മഹേഷ് മിമിക്സ് എന്ന യുവാവാണ് ഈ നേട്ടത്തിനുടമ. 

 

ശബ്ദം നൽകിയ ഏഴു പേർ ആരൊക്കെയാണ് ?

 

വിജയ് സേതുപതി, ചെമ്പൻ വിനോദ്, ഫഹദ് ഫാസിൽ, സൂര്യ ഇവർക്കാണ് പ്രധാനമായും ഡബ്ബ് ചെയ്തത്. പിന്നെ ചെറിയ മൂന്നു കഥാപാത്രങ്ങൾക്കും. ക്ലൈമാക്സിൽ ചെറിയൊരു ഭാഗത്തിൽ കമൽ ഹാസനും ശബ്ദം നൽകി. ബാഹുബലിയിൽ കട്ടപ്പയ്ക്കു ശബ്ദം നൽകിയ ഹരിശ്രീ പ്രവീണാണ് കമൽഹാസന് ശബ്ദം നൽകിയത്. 

 

വിക്രമിലേക്കെത്തിയതെങ്ങനെ ?

 

ഹരിശ്രീ പ്രവീൺ വഴിയാണ് ഇത് സംഭവിച്ചത്. അദ്ദേഹത്തൊടൊപ്പം സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ പല വിഡിയോകളും അദ്ദേഹം കണ്ടിട്ടുണ്ട്. ആദ്യം എന്റെ വോയ്സ് ടെസ്റ്റ് നടത്തി. വിജയ് സേതുപതിയ്ക്കു മാത്രം ഡബ്ബ് ചെയ്യാനായിരുന്നു പറഞ്ഞത്. ഇതിനു മുൻപും വിജയ് സേതുപതിയ്ക്കു മൂന്നു സിനിമകളിൽ ശബ്ദം നൽകിയിരുന്നു. ഇതു നാലാമത്തെ ചിത്രമാണ്. ഡബ്ബിങ്ങിനെത്തിയപ്പോൾ ഫഹദിന്റേയും ചെമ്പൻ വിനോദിന്റേയും ശബ്ദം എടുപ്പിച്ചു. ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ലിസ്റ്റിന്റെ നീളം കൂടി. ഏറ്റവും ഒടുവിൽ സൂര്യയുടെ ശബ്ദം കൂടി എടുത്തു.

 

ഏഴു പേർക്ക് ശബ്ദം. വെല്ലുവിളിയായി തോന്നിയോ ?

 

അനുകരിച്ച് ഡബ്ബ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മോഡുലേഷൻ‌ പ്രധാനമാണ്. തമിഴ് നടൻമാർക്ക് മലയാളത്തിൽ ശബ്ദം നൽകുന്നത് അത്ര എളുപ്പമല്ല. വിക്രമിലെ നടൻമാരുടെ ശബ്ദം നേരത്തെ തന്നെ ഞാൻ അനുകരിക്കാറുണ്ട്. അതാണ് ഭാഗ്യമായത്. വിജയ് സേതുപതി എളുപ്പമായിരുന്നു. സൂര്യയ്ക്കു ആദ്യമായിട്ടായിരുന്നു ശബ്ദം നൽകിയത്. അതിന്റെ പേടിയുണ്ടായിരുന്നു. കാളിദാസനെ കൊല്ലുന്ന രംഗമുണ്ട് ചിത്രത്തിൽ. ആ സീനിൽ കാളിദാസനൊഴിച്ച് ബാക്കി എല്ലാവർക്കും ശബ്ദം നൽകിയത് ഞാനാണ്. 

 

ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ശബ്ദം ആരുടേതായിരുന്നു 

 

ചെമ്പൻ വിനോദിന്റേയും സൂര്യയുടേയും. ചെമ്പന്റെ ശബ്ദം എടുക്കുന്നത് അത്ര പെർഫെക്ട് അല്ല. തൃപ്തി തോന്നിയില്ല.