Dhruva-Natchathiram

കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് ചിയാൻ വിക്രമിന്റെ ആരാധകർ 'കണ്ണിൽ എന്ന ഒഴിച്ച്' കാത്തിരിക്കുന്ന സിനിമയാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമ പല പല കാരണങ്ങളാൽ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരികയായിരിന്നു. കോവിഡ് കാലമായപ്പോൾ സിനിമ ഉപേക്ഷിച്ചു എന്ന രീതിയിൽ വരെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ധ്രുവനച്ചത്തിരം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 

ഈ വര്‍ഷം വിക്രമിന്റേതായി പുറത്തുവരുന്ന നാലാമത്തെ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. 'ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്' ഗൗതം വാസുദേവ് മേനോന്‍ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ വർഷങ്ങളായിട്ടുള്ള ആരാധകരുടെ കാത്തിരിപ്പിനും വിരാമമായി. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമായ ധ്രുവനച്ചത്തിരും കുറച്ച് വര്‍ഷങ്ങളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയതും ട്രോളായി സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. 

സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാനാണ്' അവസാനമായി റിലീസ് ചെയ്ത വിക്രം ചിത്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിക്രമിന്റെ സിനിമ. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. അങ്ങനെ നോക്കുകയാണെങ്കിൽ ഈ വര്‍ഷം വിക്രമിന്റേതായി പുറത്തുവരുന്ന നാലാമത്തെ ചിത്രമായിരിക്കും ധ്രുവനച്ചത്തിരം