ഋഷബ് ഷെട്ടി ചിത്രം കാന്താരയെ പ്രശംസിച്ച് രജനികാന്ത്. സിനിമ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്നും എഴുത്തുകാരനും സംവിധായകനും നടനുമായ ഋഷബ് ഷെട്ടിക്ക് എല്ലാ അനുമോദനങ്ങളും നേരുന്നുവെന്നും രജനി ട്വീറ്റ് ചെയ്തു.തന്റെ സ്വപ്നം സഫലമായെന്നും ഗ്രാമീണകഥകൾ ചെയ്യാൻ തനിക്ക് എന്നും പ്രചോദനമായത് രജനികാന്ത് ആണെന്നും മറുപടി ട്വീറ്റിലൂടെ ഋഷബ് ഷെട്ടി പറഞ്ഞു.
ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ സിനിമയാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.