kannada-films

‘അയിത് കസിൻസ് നല്ലി ആരാവതു ഒബ്ര് മധുവേ മാടി കോണ്ടറെ. താതന്തു പേർസണൽ ആസ്തി എലാം നിനകേ സിക്ത്തെ..’ ഒരു കന്നഡ ഡയലോഗ് പറയാൻ പറഞ്ഞാൽ മലയാളിക്ക് ഏറെ പരിചിതമായ ഒന്നിതാണ്. ഇതിന്റെ അർഥം തേടി ബത്​ലേഹേമിലെ രവിയും ഡെന്നീസും അലഞ്ഞത് പോലെ നല്ലൊരു കന്നഡ സിനിമ കാണാൻ ഒരുപാട് അലയേണ്ടി വന്നിരുന്നു ഒരുകാലത്ത്. എന്നാൽ ഇന്ന് കഥ മാറി. തെലുങ്ക്, തമിഴ് ചിത്രങ്ങൾ കേരളക്കരയിൽ വന്ന് കോടികൾ വാരുന്നതിെനാപ്പം ബോക്സോഫീസ് കുലുക്കുന്നു കന്നഡ സിനിമകളും. അമ്പരപ്പിക്കുന്ന മേക്കിങ്ങിൽ ആസ്വാദകനെ പിടിച്ചിരുത്തുന്ന കഥയും അവതരണവും െകാണ്ട് കന്നഡ സിനിമകൾ തീർക്കുന്ന  വിസ്മയം രാജ്യമെങ്ങും ചർച്ചയാണ്.  ഒരുപതിറ്റാണ്ട് മുൻപ് വരെ അധികമാരും ശ്രദ്ധിക്കാതിരുന്ന സാൻഡൽവുഡിൽ ഇന്ന് പിറവിയെടുക്കുന്നത് ബ്രഹാമാണ്ഡങ്ങളാണ്. കെജിഎഫിന് പിന്നാലെ വന്നതെല്ലാം കന്നഡ സിനിമയുടെ പോക്കറ്റ് നിറയ്ക്കുന്ന കാഴ്ച. 

 

തട്ടിക്കൂട്ട് തട്ടുപാെളിപ്പനുകൾ, നിറയുന്നതാകട്ടെ അതിനാടകീയത, അഭിനയത്തിലും നാടകീയതയുടെ അതിപ്രസരം.. ഇതെല്ലാം കാരണം കന്നഡ മുഖ്യധാരാ സിനിമകൾക്ക് സ്വന്തം മണ്ണിന് പുറത്ത് വിപണി സ്വപ്നം കാണാൻ കഴിയാതിരുന്ന കാലം. വീരപ്പൻ, കന്നഡ സിനിമയിലെ വീരനായകൻ ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോൾ അദ്ദേഹത്തെ കണ്ടെത്താൻ ആയുധങ്ങളുമായി കാടുകയറിയവരും മരിക്കാൻ പോലും തയാറായവരുടെയും കഥകൾ സാൻഡൽവുഡിന് പറയാനുണ്ട്. പക്ഷേ തമിഴ്, തെലുങ്ക് മക്കളെപ്പോലെയല്ല സിനിമ കന്നഡിഗരെ സ്വാധീനിച്ചത്. എന്നാൽ അതിർത്തിക്കപ്പുറം കന്നഡ സിനിമ വളർന്ന് പന്തലിക്കുന്ന കാഴ്ചയാണിപ്പോൾ.  2013ൽ പവൻ കുമാർ എന്ന യുവ സംവിധായകന്റെ  'ലൂസിയ' എന്ന ചിത്രത്തോടെയാണ് സാൻഡൽവുഡിന്റെ തലവരമാറുന്നത്. ബോളിവുഡ് സിനിമകൾ വരിവരിയായി പരാജയപ്പെടുമ്പോൾ രാജ്യമെങ്ങും തരംഗമായി കോടികൾ വാരുകയാണ് തെന്നിന്ത്യൻ സിനിമകൾ. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ കാണാൻ ടിക്കറ്റ് കിട്ടാത്ത കാലം. സിനിമയെ അടിമുടി വിലയിരുത്തുന്ന മലയാളികൾ ഒരുകാലത്ത് ചെറുതായി കണ്ട കന്നഡ സിനിമകൾക്ക് ഇന്ന് ടിക്കറ്റെടുക്കുന്ന കാഴ്ച തന്നെയാണ് ആ വളർച്ചയുടെ സൂചനയും. പ്രേക്ഷകനൊപ്പം മാറാതെ നിലനിൽപ്പില്ല എന്ന വ്യക്തമാക്കലും കൂടിയാണിത്.  രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി, രാജ് ബി. ഷെട്ടി എന്നീ ഷെട്ടി ത്രയം കന്നഡ സിനിമയുടെ ഊരും പേരും മാറ്റിയെഴുതുന്നു.

 

2018 ലെ പ്രശാന്ത് നീലിന്റെ കെജിഎഫ് ചാപ്റ്റർ ഒന്നിന്റെ വമ്പൻ വിജയമാണ് കേരളത്തിൽ കന്നഡ ചിത്രങ്ങൾക്കു സ്വീകാര്യത കൂട്ടിയത്. രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം ‘777 ചാർലി’യും  കേരളത്തിൽ വമ്പൻ ഹിറ്റായി. ഇപ്പോൾ ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാന്താര’യും മിന്നും വിജയം കരസ്ഥമാക്കുകയാണ്. പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണാനന്തരം മാർച്ച് 17 ന് പുറത്തിറങ്ങിയ, അദ്ദേഹം നായകനായ ‘ജെയിംസ്’ ബോക്‌സ് ഓഫിസിൽ വലിയ നേട്ടമാണുണ്ടാക്കിയത്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തിയ കന്നഡ ചിത്രമെന്ന റെക്കോർഡും ചിത്രം നേടി. 127 കോടിയാണ് ചിത്രത്തിന്റെ  കലക്‌ഷൻ. ‘കെജിഎഫ് ചാപ്റ്റർ 2’ ‘ആർആർആറി’നെ പോലും പിന്നിലാക്കി എന്നത് കന്നഡയുടെ കരുത്തായി മാറി. കേവലം 20 കോടി രൂപ ബജറ്റിൽ രക്ഷിത് ഷെട്ടി ഒരുക്കിയ ‘777 ചാർലി’ ആഗോളതലത്തിൽ 150 കോടി രൂപ വാരിക്കൂട്ടി.ധർമയുടെയും ചാർളി എന്ന നായ്ക്കുട്ടിയുടെയും ഹൃദയസ്പർശിയായ കഥ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്‌‌ഷൻസ് ആയിരുന്നു. കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’  210 കോടിയിലേറെ നേടി ചരിത്രമിട്ടതും ചേർത്തുവായിക്കണം.  

 

 

രക്ഷിതിന്റെയും ഋഷഭ് ഷെട്ടിയുടെയും തുടക്കം ‘നം ഏരിയൽ ഒന്ത് ദിന’ എന്ന ചിത്രത്തിലൂടെയായിരുന്നു. അഭിനയത്തിൽ ഇരുവരുടെയും അരങ്ങേറ്റം. 2014ല്‍ റിലീസ് ചെയ്ത ‘ഉളിദവരു കണ്ടന്തെ’യിലൂടെ രക്ഷിത് ഷെട്ടി സംവിധായകനായി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണ്. 2016 ൽ ഋഷഭ് ഷെട്ടിയും സംവിധായകന്റെ കുപ്പായമണിഞ്ഞു. ‘റിക്കി’ എന്ന ആ ചിത്രത്തിൽ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ. റിക്കിക്ക്‌ ശേഷം ഇതേ കൂട്ടുകെട്ടിൽ 2017ൽ ഋഷഭ് സംവിധാനം ചെയ്ത് രക്ഷിത് നായകനായ ‘കിറിക് പാർട്ടി’യും റിലീസ് ചെയ്തു. രക്ഷിത് തിരക്കഥയൊരുക്കി ഋഷഭ് സംവിധാനം ചെയ്ത ചിത്രം നാലുകോടി രൂപ മുടക്കി 50 കോടിയിലധികം നേടി. പിന്നീട് 2019ൽ ‘അവനേ ശ്രീമൻ നാരായണ’ എന്ന ചിത്രത്തിലൂടെയും ഇവർ വീണ്ടും  ഒന്നിച്ചു.

 

2019-ൽ പുറത്തിറങ്ങിയ ഡിറ്റക്റ്റീവ് കോമഡി ചിത്രം ‘ബെൽ ബോട്ട’ത്തിലൂടെ ഋഷഭ് ഷെട്ടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ താരമായി മാറി. ഋഷഭ് നായകവേഷത്തിലെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 2021 ൽ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന ഗാങ്സ്റ്റർ ചിത്രം ഋഷഭ് ഷെട്ടിക്കൊപ്പം മറ്റൊരു ഷെട്ടിയെ കൂടി മുൻനിരയിൽ എത്തിച്ചു. രാജ് ബി. ഷെട്ടി. രാജിലെ സംവിധായകന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തത് ഈ സിനിമയാണ്. ഋഷഭും രാജും മുഖ്യ കഥാപാത്രങ്ങളായ ചിത്രം മികച്ച വിജയമാണ് നേടിയത്. ഇപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ സംസാരവിഷയമായി ഋഷഭ് ഷെട്ടിയുടെ ‘കാന്താര’യും മാറുന്നു.

 

 

‘കാന്താര’യ്ക്ക് പിന്നാലെ, പുനീത് രാജ്കുമാർ നായകനായ ദ്വിത്വ’ ഡിസംബർ 23 ന് തിയറ്ററുകളിൽ എത്തുകയാണ്. സൂപ്പർതാരം ഉപേന്ദ്രയും ‘കബ്ജ’ എന്ന ചിത്രവുമായി പാൻ ഇന്ത്യൻ‌ ഗ്രാൻഡ് എൻട്രിക്ക് ഒരുങ്ങുന്നു. ഇതിെനാപ്പം ‘റിച്ചാർഡ് ആന്റണി: ദ് ലോർഡ് ഓഫ് ദ് സീ’ എന്ന ചിത്രവും. ഹോംബാലെ ഫിലിംസ് നിർമിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ പ്രഭാസ് നായകനാകുന്ന ചിത്രമാണ്. പൃഥ്വിരാജും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും. ഇതൊരു തെലുങ്കു ചിത്രമാണെങ്കിലും സംവിധായകനും പ്രൊഡക്‌ഷൻ ഹൗസും കന്നഡത്തിൽ നിന്നാണ്. കന്നഡയിലും ഈ ചിത്രം മികച്ച വിജയം നേടുമെന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു. പുറത്തുവരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ എല്ലാം ചർച്ചകളിൽ നിറയുകയാണ്. തെന്നിന്ത്യൻ സിനിമയുടെ വരുംകാല വാഴ്ചയും ഭദ്രമെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന ഓരോ പ്രഖ്യാപനങ്ങളും. ഇക്കൂട്ടത്തിൽ ഒരുപടി മുന്നിൽ ഒരുകാലത്ത് അവഗണനയും പരിഹാസവുമേറ്റുവാങ്ങിയ കന്നഡ സിനിമകൾ ആണ് എന്നുള്ളത് അവരുടെ മധുരപ്രതികാരം കൂടിയാകുന്നു.

 

ഈ നിരയിലേക്ക് കെജിഎഫ് 3 കൂടി വരുമ്പോൾ കന്നഡ സിനിമ മൂല്യം െകാണ്ടും മേക്കിങ് െകാണ്ടും വരുമാനം െകാണ്ടും രാജ്യത്തെ തന്നെ മുൻനിര സിനിമ വ്യവസായ മേഖലയായി മാറിയേക്കാം. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകമായിരിക്കും എന്ന് ചുമ്മാ പറഞ്ഞതല്ല എന്ന് സാൻൽവുഡ് തെളിയിക്കുന്നു. ബോളിവുഡിനെ കടത്തി വെട്ടി തമിഴും തെലുങ്കും കന്നഡയും വെന്നിക്കൊടി പാറിക്കുമ്പോൾ മലയാളവും അക്കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ മഹാവിജയങ്ങൾ.