തൈക്കൂടം ബാന്‍ഡിന്റെ പാട്ട് കോപ്പിയടിച്ചെന്ന ആരോപണം തള്ളി കന്നഡ സിനിമയായ കാന്താരയുടെ സംവിധായകന്‍.. കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കൂടത്തിന്റെ പരാതിയില്‍ മറുപടി നല്‍കിയെന്നും സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൊച്ചിയില്‍ പറഞ്ഞു.
കാന്താരയിലെ വരാഹ രൂപം എന്ന പാട്ട് പുറത്തുവന്നതോടെയാണ് തൈക്കൂടത്തിന്റെ നവരസം പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നത്.. ആരോപണം നിലനില്‍ക്കെ സിനിമ പ്രൊമോഷന്റെ ഭാഗമായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോപ്പിയടിയല്ലെന്ന് വിശദീകരണം.
വാര്‍ത്താ സമ്മേളനത്തില്‍ വിവാദത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഋഷഭ് ഷെട്ടി തയ്യാറായില്ല.. ഈ വിഷയം സംസാരിക്കാനുള്ള വേദിയല്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടി. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസിനെത്തിച്ച സിനിമ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സംവിധായകന്റെ പ്രതികരണം. തങ്ങളുടെ പാട്ട് കോപ്പിയടിച്ചത് പകര്‍പ്പവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നായിരുന്നു തൈക്കൂടം ബാന്‍ഡിന്റെ ആരോപണം.. പണം നല്‍കി കാന്താരയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും തൈക്കൂടം ആരോപിച്ചിരുന്നു. ബിജിപാല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ സംഗീതജ്ഞര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോപ്പിയടിക്കെതിരെ രംഗത്തുവന്നതും വിഷയം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിരുന്നു.