ആദ്യ ടീസർ പുറത്തിറങ്ങിയതു മുതൽ ‘ആദിപുരുഷി’നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. രാമായണത്തെ ആസ്പദമാക്കിയെത്തുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള വലിയ പ്രോജക്ട് എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോള്‍ വലിയ വിമർശനങ്ങളാണ് ഉയർന്നുകേട്ടത്. ചിത്രത്തിലെ കഥാപാത്രങ്ങൾ രാമായണവുമായി നീതി പുലർത്തുന്നില്ലെന്ന വിമർശനമായിരുന്നു ഇതിൽ പ്രധാനം.

 

രാവണന്റെ വേഷത്തിലെത്തുന്ന സെയ്ഫ് അലി ഖാന്റെ താടിയടക്കം വിമർശനങ്ങൾക്കിരയായി. ഹിന്ദു ദൈവങ്ങൾക്ക് താടിവച്ച് ഇസ്ലാമീകരിക്കുകയാണെന്ന തരത്തിലേക്കാണ് കാര്യങ്ങൾ വ്യാഖ്യാനിക്കപ്പെട്ടത്. ചിത്രത്തിന്റെ വി.എഫ്.എക്സ് തീരെ പോരായെന്ന അഭിപ്രായങ്ങൾ ട്രോളുകളായിരുന്നു. എന്നാലിപ്പോൾ ഇതിനെല്ലാം അണിയറപ്രവർത്തകർ പരിഹാരം കാണുന്നുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. സെയ്ഫ് അലി ഖാന്റെ താടിയടക്കം മാറ്റുന്നുവെന്നാണ് വിവരം.

 

വി.എഫ്.എക്സിന്റെ സഹായത്തോടെ ചിത്രത്തിലെ രാവണന്റെ ലുക്ക് മുഴുവനായി തന്നെ പൊളിക്കും. വസ്ത്രത്തിലടക്കം ഉയർന്ന വിമർശനങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം. താടിയിൽ മാറ്റം വരുത്തുന്നതോടെ തന്നെ വിമർശനങ്ങൾക്ക് ഒരു പരിധിവരെ വിരാമമാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.