പ്രഭാസിന്റെ ‘സലാര്‍’ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കൊറിയന്‍ ലാലേട്ടന്‍ എത്തുമോ? കൊറിയന്‍ നടന്‍ ഡോണ്‍ ലീയെ മലയാളികള്‍ അങ്ങനെയാണ് കാണുന്നത്. കാഴ്ചയിലും അഭിനയത്തിലും മോഹന്‍ലാലിനോട് സാമ്യമുള്ളതിനാലാണ് കേരളത്തിലെ ആരാധകര്‍ ഡോണ്‍ ലീയെ കൊറിയന്‍ ലാലേട്ടന്‍ എന്നുവിളിക്കുന്നത്. കെ–ഡ്രാമ പ്രേമികളായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് മാ ഡോങ് സോക് എന്ന ഡോണ്‍ ലീ.
‘ട്രെയിന്‍ ടു ബുസാന്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളി മനസിലും ഇടം നേടിയത്. ‘ദ് ഗാങ്സ്റ്ററി’ലെ തകര്‍പ്പന്‍ പ്രകടനവും കൊറിയന്‍ ആരാധകരെയും മലയാളികളെയും ഒരുപോലെ രസിപ്പിച്ചു. പ്രഭാസ് ചിത്രത്തിലേക്ക് ഡോണ്‍ ലീ എത്തുമോ എന്ന സംശയം ഇരട്ടിപ്പിച്ചത് ഡോണ്‍ ലീയുടെ ഇന്‍സ്റ്റാ പോസ്റ്റാണ്. ഇന്‍സ്റ്റാ അക്കൗണ്ടില്‍ ലീ പ്രഭാസിന്റെ ചിത്രം പങ്കുവച്ചിരുന്നു.
ആരാധകരുടെ ആവേശം കമന്റുകളായി പരിധി വിട്ടതോടെ കൊറിയന്‍ താരത്തിന്റെ ഇന്‍സ്റ്റാ പേജ് ബ്ലോക്കായി. ഡോണ്‍ ലീ ഗാരുവിനെ വരവേല്‍ക്കാന്‍ തെലുങ്ക് പ്രേക്ഷകര്‍ ആവേശത്തിലാണ്. അതേസമയം എമ്പുരാനിലെ അതിഥി വേഷത്തില്‍ ഡോണ്‍ ലീ എത്തുമെന്നും ശക്തമായ അഭ്യൂഹമുണ്ട്.