dddddddddddddd

 

തനിക്കെതിരെ വഞ്ചനാകേസ് നല്‍കിയ നിര്‍മാതാവ് അപ്പച്ചന്റെ പരാതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പ്രശസ്ത തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. ‘ഈ കേസിനു പിന്നിലെന്തെന്ന് അയാള്‍ക്ക് മാത്രമേ അറിയാവുള്ളൂ..ഒരു സിനിമ (സിബിഐ) എഴുതി കൊടുത്തത് ഇത്രയും വലിയ പാപമായി പോയോ?. രണ്ടു ദിവസം മുന്‍പ് അപ്പച്ചന്‍ വിളിച്ചു പറഞ്ഞു, സ്വാമീടെ പേരില്‍ ചിലപ്പോള്‍ ഒരു കേസ് വരാന്‍ സാധ്യതയുണ്ടെന്ന്,അത് വലിയ ഗൗരവത്തിലെടുക്കേണ്ട, സ്വാമിയാണ് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞിട്ടാണ് പരാതി കൊടുക്കുക എന്നൊക്കെ .എന്നാല്‍ ആ പറഞ്ഞത് താനത്ര കാര്യമാക്കിയില്ല. പക്ഷേ ഈ രീതിയില്‍ വാര്‍ത്ത വരാന്‍ മാത്രം എന്തുകാര്യമെന്നോ എന്തു കേസെന്നോ തനിക്കറിയില്ല. അപ്പച്ചനെ താനും മമ്മൂട്ടിയും ഉള്‍പ്പെടെ പലരും മാറി മാറി വിളിച്ചു, പക്ഷേ ഫോണെടുത്തില്ല, ഇന്നും പല തവണ വിളിച്ചു നോക്കിയെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണെന്നും’ എസ് എന്‍ സ്വാമി മനോരമന്യൂസ്.കോമിനോട് പറഞ്ഞു. 

‘ഏത് വഴിയാണ് തനിക്കെതിരെ കേസ് വന്നതെന്നോ അടിസ്ഥാനമെന്തെന്നോ അറിയില്ല.  പണം പിരിച്ചുകൊടുക്കാന്‍ ഞാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയെന്നറിഞ്ഞു. ഈ കേസിന്റെ എബിസിഡി എനിയ്ക്ക് അറിയാന്‍ പാടില്ല , ഒരു രൂപ പോലും ആരില്‍ നിന്നും കടവും വാങ്ങിയിട്ടില്ല. ആര്‍ക്കും വാങ്ങിച്ചു കൊടുത്തിട്ടുമില്ല. ഈ പ്രോസസിനെക്കുറിച്ചൊന്നും അറിയില്ല, ഞാനെന്തു കാര്യത്തിനു കടം മേടിച്ചു കൊടുക്കണം?.കഷ്ടം, ഇത് അദ്ഭുതമാണ്,ജോലി ചെയ്താല്‍ ശമ്പളം മര്യാദക്ക് ചോദിച്ചു വാങ്ങാന്‍ അറിയാന്‍ പാടില്ലാത്ത ഞാനാണ് കമ്മീഷന്‍ വാങ്ങിക്കുന്നത്. സംഭവം അറിഞ്ഞ ശേഷം പല തവണ സ്വര്‍ഗചിത്ര അപ്പച്ചനെ വിളിച്ചു നോക്കി, കോള്‍ എടുക്കുന്നില്ല. പാലക്കാട് സ്വദേശിയായ ഡോക്ടര്‍ ജയകൃഷ്ണൻ എന്റെ സുഹൃത്താണ്.’

‘ഡോക്ടര്‍ ജയകൃഷ്ണന്‍ വീണ് സ്ട്രോക്ക് വന്ന് ചികിത്സയിലാണ്,അദ്ദേഹവുമായി സംസാരിച്ചിട്ട് 4 മാസം കഴിഞ്ഞു. അവരുമായി അപ്പച്ചന് എന്തെങ്കിലും ഡീലുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. എന്നെ ഈ കേസിലുള്‍പ്പെടുത്തിയതെന്തിനെന്ന് അറിയണം, എന്റെ വക്കീല്‍ സുഹൃത്ത് ചോദിക്കുന്നതും അതാണ്, കാരണം , ഇത്തരം കേസുകളില്‍ ഒരു സെലിബ്രിറ്റിയെ ഉള്‍പ്പെടുത്തിയെങ്കില്‍ അതിനൊരു കാരണം വേണ്ടേ?.. കസബ പൊലിസ് വിളിച്ചിരുന്നു, താന്‍ കാര്യം പറഞ്ഞു. അപ്പച്ചന്റെ പരാതിയുടെ വിശദാംശങ്ങള്‍ പോലും പറഞ്ഞില്ല. ജയകൃഷ്നു എന്തെങ്കിലും കടലാസ് വിഷയമുണ്ടെങ്കില്‍ അത് അവര്‍ തീര്‍ക്കട്ടേ, എന്നെ എന്തിന് കരുവാക്കണം?– എസ്എന്‍ സ്വാമി ചോദിക്കുന്നു . കേവലം ഒരാളെ പരിചയപ്പെടുത്തി കൊടുത്തു എന്നതിനപ്പുറം ഈ വിഷയവുമായി തനിക്കൊരു ബന്ധവുമില്ലെന്നും എസ്എന്‍ സ്വാമി ഉറപ്പിച്ചു പറയുന്നു. 

 സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിലാണ് 4 പേർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ (പി.പി. ഏബ്രഹാം) പരാതിയിൽ കസബ പൊലീസ് കേസെടുത്തത്.