വിജയ് ചിത്രം 'വാരിസ്' 300 കോടി ക്ലബിൽ. ആഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയ കലക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. റിലീസായി 25 ദിവസം പിന്നിടുമ്പോൾ 300 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്. പൊങ്കൽ റിലീസായി എത്തിയ അജിത്തിന്റെ 'തുനിവും മോശമാക്കിയില്ല. 250 കോടിയാണ് കലക്ഷന്‍.
നിർമാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് കലക്ഷന്‍ റിപ്പോര്‍ട്ട് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'ബിഗിലാ'ണ് ഇതിന് മുൻപ് 300 കോടി നേടിയ വിജയ് ചിത്രം.
അച്ഛന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് 'വാരിസി'ല്‍ വിജയ് അവതരിപ്പിക്കുന്നത്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന 'തുനിവി'ൽ മഞ്ജു വാര്യരാണ് നായിക. ഇരു ചിത്രങ്ങളും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
നീണ്ട 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അജിത്തിന്റെയും വിജയിന്റെയും സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ പൊങ്കൽ അവധിക്കാലം മുന്നിൽക്കണ്ടാണ് ഇരു ചിത്രങ്ങളും ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. കേരളത്തിലും പുലർച്ചെ ഒന്നു മുതൽ പ്രത്യേക ഫാൻസ് ഷോകൾ അരങ്ങേറി. കേരളത്തിൽ നിന്ന് മാത്രം നാല് കോടിയാണ് വാരിസ് ആദ്യ ദിനം വാരിയത്.
vijay varisu enters 300 crore club