മനോരമമാക്സ് നടത്തിയ മികച്ച ഹ്രസ്വചിത്രം തിരഞ്ഞെടുക്കുന്നതിനായുള്ള "ഷോർട്ട്കട്ട്" ഷോർട്ട് ഫിലിം കോണ്ടസ്റ്റിന്റെ ആദ്യ സീസൺ പര്യവസാനിച്ചു. "കൂട്" എന്ന ചിത്രമൊരുക്കിയ വിഷ്ണു ആർ മേനോൻ ആണ് ആദ്യ സീസണിലെ വിജയി ആയത്. ആയിരത്തിലേറെ എൻട്രികൾ ലഭിച്ച കോണ്ടസ്റ്റിൽ നിന്നും മികച്ച പത്ത് ചിത്രങ്ങളെ പ്രേക്ഷകരുടെ വോട്ടിങ്ങിനായി മനോരമമാക്സിൽ ലഭ്യമാക്കിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് "കൂട്" ഒന്നാമതെത്തിയത്. മഴവിൽ മനോരമ സ്റ്റുഡിയോയിൽ നടന്ന സമ്മാനദാന ചടങ്ങിൽ പ്രശസ്‌ത സിനിമ സംവിധായകൻ ആഷിഖ് അബു സമ്മാനത്തുകയായ 5 ലക്ഷം രൂപ വിജയിക്ക് കൈമാറി. ഇത്തരം മത്സരങ്ങൾ അവസരങ്ങൾ തേടുന്ന ഭാവനസമ്പന്നരായ ഒരുപാട് പേർക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് വഴിതുറക്കുവാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഷോർട്ട്കട്ട്" മത്സരവിജയിക്ക് മനോരമമാക്സിന്റെ ഭാവി സംരംഭങ്ങളുടെ ഭാഗമാകുവാനും അവസരം ലഭിക്കുന്നതായിരിക്കും.