പണ്ട് അപൂർവമായി മാത്രം കേട്ടിരുന്ന രോഗാവസ്ഥയായിരുന്നു കാൻസർ. ഇന്ന് കാൻസറിനോട് പൊരുതുന്ന ഒരാളെങ്കിലും കുടുംബത്തിൽ ഇല്ലാത്തവർ വിരളമാണ്. കാൻസറിനെക്കുറിച്ച് അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഹ്രസ്വ ചിത്രം കഴിഞ്ഞ ദിവസം ദുബായിൽ പ്രദർശിപ്പിച്ചു. പ്രശസ്ത കാൻസർ ചികിൽസാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് പെരുമ്പറ എന്ന ഹ്രസ്വചിത്രം ഒരുക്കിയിത്.
പൂർണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് കാൻസറെന്നും ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നുള്ള സന്ദേശവുമാണ് പെരുമ്പറ എന്ന ഹ്രസ്വചിത്രം മുന്നോട്ടുവയ്ക്കുന്നത്. കാൻസർ ചികിൽസാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരന്റെ ജീവിതാനുഭവങ്ങളാണ് പെരുമ്പറയ്ക്ക് ആധാരം. കണ്ടറിഞ്ഞ ജീവിതങ്ങളെ അതിന്റെ എല്ലാ തനിമയോടെയും സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഡോ. പി.വി. ഗംഗാധരൻ. എല്ലാവരും കണേണ്ട ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
കാൻസറിന് കാരണമാകുന്ന ഘടകങ്ങളും ഹ്രസ്വചിത്രത്തിൽ വിശദമാക്കുന്നുണ്ട്. പലപ്പോഴും കാൻസറിന് കാരണമാകുന്നത് നമ്മുടെ ഭക്ഷണരീതികളാണ്. ശരീരത്തിന് സ്വീകാര്യമല്ലാത്ത ഭക്ഷണങ്ങളാണ് കാൻസറിന് വഴിവയ്ക്കുന്നത്. അനീഷ് രവിയാണ് ഡോക്ടറുടെ പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. സീമ ജി. നായർ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിബു പേരേറ്റിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം കാൻസറിനെക്കുറിച്ചുള്ള വിശദമായ ക്ലാസും നടന്നു. കാൻസർ സംബന്ധമായ ചോദ്യങ്ങൾക്ക് ഡോ. വി.പി. ഗംഗാധരൻ മറുപടി നൽകി. ഗൾഫ് മലയാളികളിൽ കാൻസറിന് പ്രധാന കാരണ ഫാസ്റ്റ് ഫുഡാണെന്ന് അദ്ദേഹം പറഞ്ഞു. വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ. ബാബുവാണ് പെരുമ്പറ നിർമിച്ചിരിക്കുന്നത്. മൂന്നാറിലും പരിസരങ്ങളിലുമായായിരുന്നു ചിത്രീകരണം.