ടി.വി ഷോയിലൂടെ ബാലതാരമായി വന്ന് ചുരുങ്ങിയ സമയംകൊണ്ട് നായികയായ താരമാണ് ഹൻസിക മോട്‌വാനി . ഒട്ടനവധി വിവാദങ്ങളും ചുരുങ്ങിയ കാലംകൊണ്ടു തന്നെ താരത്തെ വിടാതെ വേട്ടയാടി. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഹൻസിക വളർച്ചാ ഹോർമോൺ കുത്തിവച്ചു എന്നത്. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി. തന്റെ വിവാഹ വിഡിയോയായ ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’യിലാണ് ഹൻസികയുടെ വെളിപ്പെടുത്തൽ.

 

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഹൻസികയുടെ അമ്മ മോന മോട്‌വാനി മകള്‍ക്ക് വളർച്ചാ ഹോർമോണുകൾ കുത്തിവച്ചുവെന്നായിരുന്നു വിവാദങ്ങൾ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചുവെന്നാണ് ഹന്‍സിക പറഞ്ഞത്. ‘തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാർത്ത ചില മാധ്യമങ്ങൾ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയിൽ നൽകേണ്ടി വരുന്ന വിലയാണിത്. ഞാൻ അന്ന് ഹോർമോൺ കുത്തിവച്ചുവെങ്കിൽ, ഇന്നും അത് ചെയ്യില്ലേ’ എന്നും താരം ചോദിക്കുന്നു.

 

മോന മോട്‌വാനിയും ഇക്കാര്യത്തില്‍ തന്റെ ഭാഗം പറയുന്നുണ്ട്. ‘ഞാൻ അന്ന് അങ്ങനെ ചെയ്തുവെന്നത് സത്യമാണെങ്കിൽ ടാറ്റയേയും ബിർലയേയുകാൾ കോടീശ്വരിയായിരുന്നേനെ ഞാൻ. എന്റെ മകൾക്ക് ഞാൻ ഹോർമോൺ കുത്തിവ‌യ്പ്പ് നൽകിയെങ്കില്‍ നിങ്ങൾക്കും അത് ഞാൻ നല്‍കിയേനെ. വന്ന വാർത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവർ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങൾ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോൾ പെൺമക്കള്‍ പെട്ടെന്ന് വളരും’– എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്. 

 

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ സ്ട്രീം ചെയ്യുന്നത്. തന്റെ സുഹൃത്തിന്റെ മുൻഭർത്താവായിരുന്ന സോഹെൽ കത്തോരിയെയാണ് ഹന്‍സിക വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ബിസിനസ് പങ്കാളികളായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ജയ്പൂരില്‍ വച്ച് അത്യാഢംബരങ്ങളോടെയായിരുന്നു വിവാഹം.

 

Hansika Motwani breaks silence on allegations of taking hormonal injections