പലതരത്തിലുള്ള വിവാഹ വിഡിയോകള്‍ പലപ്പോഴായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്യാഢംബര പൂര്‍ണമായ വിവാഹങ്ങളും വിചിത്രമായ ചടങ്ങുകളും അസാധാരണമായ ആഘോഷങ്ങളും തുടങ്ങി വൈറലാകാന്‍ കാരണങ്ങള്‍ പലതാണ്. എന്നാല്‍ നിലവില്‍ സോഷ്യല്‍ ലോകത്ത് ട്രെന്‍ഡിങ്ങാകുന്നത് പാക്കിസ്ഥാനിലെ ഒരു കല്യാണാഘോഷമാണ്. സര്‍വ്വ അതിരുകളും ഭേദിച്ച് വീടിനുമുകളില്‍ പണം വര്‍ഷിച്ച് ഒരു കല്യാണ ആഘോഷം!

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്നുള്ള വിഡിയോയാണ് വൈറലാകുന്നത്. വധുവിന്‍റെ വീടിനു മുകളില്‍ വിമാനത്തില്‍ ലക്ഷക്കണക്കിന് രൂപ മഴയായി പെയ്യിക്കുകയാണ് വരന്‍റെ പിതാവ്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയില്‍ വിമാനം വധുവിന്‍റെ വീടിന് മുകളിലൂടെ പറക്കുന്നതും പണം വര്‍ഷിക്കുന്നതും വ്യക്തമാണ്.

സംഭവം വൈറലാണെങ്കിലും സോഷ്യല്‍ മീഡിയില്‍ കനത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ‘ആകാശത്ത് നിന്ന് പണം വര്‍ഷിക്കുന്നതിന് പകരം, ഈ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു’ എന്നാണ് ഒരാള്‍ കുറിച്ചത്. സമ്പത്ത് എങ്ങനെ ചെലവഴിക്കരുത് എന്നതിന്‍റെ ഒരു ഉദാഹരണമാണിതെന്ന് എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം, സംഭവത്തെ തമാശയായി മാത്രം കാണുന്നവരും കുറവല്ല. ‘വരൻ ജീവിതകാലം മുഴുവൻ പിതാവിന്‍റെ കടം വീട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ‘വരനെ മറന്നേക്കുക, വധുവിന്‍റെ അയൽക്കാരായിരിക്കണം ഇന്ന് ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത്’ എന്ന് മറ്റൊരാളും തമാശ രൂപേണ കുറിച്ചു.

ENGLISH SUMMARY:

Watch the viral video of a lavish wedding in Pakistan, where the groom's father showers the bride's house with money from an airplane. A trending celebration capturing attention on social media.