ചിലയിടത്ത് ആവേശത്തിന്റെ കയ്യടി, ചിലപ്പോള്‍ നിശബ്ദമായ ഒരു തേങ്ങല്‍, ഒരിടം എത്തുമ്പോള്‍ അറിയാതെ അയ്യോ എന്ന് വിളിച്ചുപോകുന്ന സീന്‍, പടം കഴിഞ്ഞിറങ്ങുമ്പോള്‍ കരഞ്ഞുകലങ്ങിയ മുഖങ്ങള്‍ കാണാം, അഭിമാനം നിഴലിക്കുന്ന മുഖങ്ങള്‍ കാണാം. സ്വയം അനുഭവിക്കാത്തതെല്ലാം വെറും കെട്ടുകഥകളാണെന്ന് പറയുന്നവര്‍ 2018 കാണണം. നമ്മള്‍ നേരിട്ടു കണ്ട, ഒരുമിച്ച് അതിജീവിച്ച  ആ മഹാദുരന്തത്തെ കണ്‍മുന്നില്‍ വീണ്ടും അതേ പടി പകര്‍ത്തിവച്ചതിനാണ് തിയറ്ററില്‍ ഉയരുന്ന ഓരോ കയ്യടിയും. പ്രളയം പോലെ ജനം തിയറ്റര്‍ നിറയ്ക്കുന്ന കാഴ്ച. പടം നല്ലതാണെങ്കില്‍ മലയാളി തിയറ്ററില്‍ വന്നുതന്നെ പടം കാണും. മറിച്ചുള്ള വാദങ്ങുടെ മുഖത്ത് കൂടി പ്രഹരമാകുന്ന ഈ തിയറ്റര്‍ മുഴക്കം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് ജൂഡ് ആന്റണി ജോസഫ്. 

 

ഇനി വിധി എഴുതേണ്ടത് നിങ്ങളാണ്. ഈ സിനിമയുടെ ഭാവി എന്തു തന്നെ ആയാലും , ഞങ്ങളുടെ നൂറ് ശതമാനവും ഈ സിനിമയില്‍ അര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതൊരു നല്ല തിയറ്റര്‍ അനുഭവമായിരിക്കും. അത് ഞാന്‍ വാക്ക് തരുന്നു. നന്ദി ദൈവമേ , പ്രപഞ്ചമേ, എന്‍റെ സ്വപ്നത്തില്‍ എന്‍റെ കൂടെ നിന്നതിന് .’ സിനിമ ഇറങ്ങും മുന്‍പ് സംവിധായകന്‍ ജൂഡ് കുറിച്ച വരികള്‍. ജനങ്ങളുടെ വിധി ജൂഡിന് മാത്രമല്ല, ഇതിലെ താരങ്ങള്‍ക്ക് മാത്രമല്ല. മലയാള സിനിമയ്ക്ക് തന്നെ ആവേശം പകരുന്നു. നല്ല പടം വന്നാല്‍ ജനം തിയറ്ററില്‍ വന്നുതന്നെ കാണും എന്നതിന്, മോശം റിവ്യൂകള്‍ക്കോ, ആരോപിക്കുന്നത് പോലെ കാശുവാങ്ങിയുള്ള സൈബര്‍  ഇടത്തെ അഭിപ്രായപ്രകടനങ്ങള്‍ക്കോ ഒന്നും നല്ല സിനിമയെ തകര്‍ക്കാന്‍ ആകില്ല എന്ന് തെളിയിച്ചതിന്, ഇതിനെല്ലാം അപ്പുറം വടക്കോട്ട് നോക്കി ദി റിയല്‍ കേരള സ്റ്റോറി എന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ സമയം തന്നെ ഇങ്ങനെയൊന്ന് പടച്ച് വച്ചതിന്, എന്തിനൊക്കെ ഈ വിധി കരുത്തായെന്ന് എണ്ണി പറയുന്നതിലും നല്ലത് ഈ സിനിമ മലയാളിയുടെ മുഖമാണെന്ന് പറയുന്നതാണ്. 

 

 ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട  കിടന്നുറങ്ങിയ മനുഷ്യരുടെ വീട്ടിലേക്ക് ഇരച്ചുകയറിയപ്പോള്‍  കഴുത്തൊപ്പം വെള്ളം കയറിയപ്പോള്‍ വീടിന്റെ ഉത്തരത്തില്‍ പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് കിടന്ന മണിക്കൂറുകള്‍. സര്‍ക്കാരും സംവിധാനങ്ങളും മൂക്കത്ത് വിരല്‍ വച്ചുനിന്നപ്പോള്‍, നമ്മള്‍ ഈ കാണുന്ന കടലിലെ വെള്ളം തന്നെയല്ലേ അഛോ ഈ ഇരിച്ചുകറുന്നതെന്ന് പറഞ്ഞ് ബോട്ടുകളുമായി വന്ന ചങ്ക് പറിച്ച് തന്നും അന്ന് ചേര്‍ത്തുപിടിച്ച നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍. അങ്ങനെ അങ്ങനെ കടന്നുപോയ ഒരുപിടി അനുഭവങ്ങളുടെ നേര്‍പകര്‍പ്പാണ് 2018. ഒരുപക്ഷേ അടുത്തകാലത്തൊന്നും ഇതുപോലെ തിയറ്ററില്‍ ജനത്തെ പിടിച്ചിരിത്തുന്ന കണ്ണുനനയിക്കുന്ന, അഭിമാനം തോന്നിക്കുന്ന ഒരു ചിത്രമുണ്ടായിട്ടില്ല. വളരെ നിര്‍ണായകമായ ഒരുസീനില്‍ പെട്ടെന്നുണ്ടായ ഒരു പിഴവ് സ്ക്രീനില്‍ കാണുമ്പോള്‍ തിയറ്ററില്‍ പടം കണ്ടിരുന്നവര്‍ അയ്യോ എന്ന് വിളിച്ച് തലയില്‍ കൈവയ്ക്കുന്നുണ്ട്. ഇത് ചെറിയ ഒരു ഉദാഹരണമാണ്. കഥയെന്താണെന്നും ക്ലൈമാക്സ് എന്താണെന്നും അറിയാമെങ്കിലും  അത്രമാത്രം ശ്രദ്ധയോടെ മലയാളിയെ ഇരുത്തിയെങ്കില്‍ അവിടെയാണ് ജൂഡിന്റെ വിജയം.

 

രാഷ്ട്രീയവാഴ്ത്തലുകള്‍ക്ക് ഇടം െകാടുക്കാതെ, ആരെയും ക്യാപ്റ്റനാക്കി ഉയര്‍ത്തിക്കാട്ടാതെ ജാതി–മത–രാഷ്ട്രീയ–ഭാഷാ–ലിംഗഭേദമില്ലാതെ ഒരുമിച്ച് നിന്ന് അതിജീവിച്ച ഓരോത്തരെയും ഹീറോയാക്കി ക്യാപ്റ്റനാക്കി കെട്ടിപ്പൊക്കിയ സിനിമ. അതിനാണ് ആദ്യത്തെ കയ്യടി. അതങ്ങനെ അല്ലായിരുന്നെങ്കില്‍ ഒരു പി.ആര്‍ വര്‍ക്കെന്ന ഗണത്തിലേക്ക് ഈ അധ്വാനം പോയേനെ. പറയാന്‍ ഉള്ളത് നേരിട്ടു പറഞ്ഞുതന്നെ പ്രളയത്തിലെ വീഴ്ചയും സിനിമ തുറന്നുകാട്ടുന്നു. ടോവിനോയുടെ അനൂപ്, ഇന്ദേന്‍സിന്റെ അന്ധനായ ദാസേട്ടന്‍, ആസിഫ് അലിയുടെ നിക്സണ്‍, വിനീത് ശ്രീനിവാസന്റെ രമേശന്‍, കുഞ്ചാക്കോ ബോബന്റെ ഷാജി, ലാലിന്റെ മാത്തച്ഛന്‍, നരേനിന്റെ വിന്‍സെവന്റ്,  അപർണ ബാലമുരളിയുടെ ജേർണലിസ്റ്റ് നൂറ,  ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവായി എത്തിയ സുധീഷ്..തൻവി റാം, ശിവദ, സിദ്ധിഖ്, ജയകൃഷ്ണൻ, അജു വർഗീസ്, ജനാർദ്ദനൻ, ഗൗതമി നായർ, ശോഭ മോഹൻ, ജോയ് മാത്യു, ജാഫർ ഇടുക്കി ഇവരിലൊന്നും താരങ്ങളെ കാണുന്നില്ല. നമ്മള്‍ കണ്ട അനുഭവിച്ച മനുഷ്യരുടെ രൂപവും ഭാവവുമാണ് ഇവര്‍ക്കൊല്ലാം. പ്രളയവും അണ്ടർ വാട്ടർ രംഗങ്ങളും കടലിലെ കൂറ്റന്‍തിരമാല സീനും അടക്കം ഉന്നത നിലവാരം പുലര്‍ത്തി. വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ സെറ്റിട്ടാണ് വെള്ളപ്പൊക്ക രംഗങ്ങളും മറ്റും ചിത്രീകരിച്ചതെന്ന് പറയുമ്പോള്‍ മനസ്സിലാക്കാം എത്രമാത്രം ജൂഡ് ഈ സിനിമയക്കായി സമര്‍പ്പിച്ചെന്ന്. ശബ്ദം ഇവിടെ നായകന്‍ കൂടിയാണ് അതിന് കൂട്ടായി സംഗീതവും പാട്ടുകളും. ഒരു ദുരന്തകാലം നേരിട്ട്  ഒപ്പിയെടുക്കുന്ന മിടുക്കോടെ  അത്  പ്രേക്ഷകർക്ക് മുന്നില്‍ അനുഭവമാക്കിയ അഖിൽ ജോർജിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.

 

 

ഇതെല്ലാം കണ്ട് ഒരുമിച്ച് കയ്യടിച്ച് സിനിമയെ വാഴ്ത്തി പുറത്തിറങ്ങുമ്പോള്‍ ഉള്ളില്‍ ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നുവരും, അല്ലെങ്കില്‍ ഉയര്‍ന്നുവരണം. മല്‍സ്യത്തൊഴിലാളികള്‍ അവരുടെ അന്നം ലോറിയില്‍ കയറ്റി കേരളത്തെ രക്ഷിച്ചുപിടിക്കാന്‍  പാഞ്ഞുവരുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ മാസ് എന്‍ട്രിക്ക് കയ്യടിക്കുന്നതുപോലെയാണ് തിയറ്റര്‍ ആവേശം. ഇന്നും രോമാഞ്ചം െകാള്ളുന്ന ആ ഓര്‍മയ്ക്ക് ശേഷം, നമ്മുടെ മല്‍സ്യത്തൊഴിലാളികളോട് പിന്നീട് നമ്മള്‍ നീതി കാണിച്ചോ..?  എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പ്രളയത്തെ തോല്‍പ്പിച്ച നമ്മള്‍ അന്ന് തെളിഞ്ഞുവന്ന പിഴവുകളും വീഴ്ചകളും നമ്മള്‍ തിരുത്തിയോ..? ആ ചോദ്യങ്ങള്‍ക്ക് നമ്മളും നമ്മുടെ ഭരണകൂടങ്ങളും ഉത്തരം കണ്ടെത്തിയാല്‍ ഈ സിനിമ തിയറ്ററിന് പുറത്തും ഒരു വിജയമാകും. ഏതായാലും മലയാളി ഒന്നായ ആ നല്ല നാളുകള്‍ ഒരുക്കല്‍ കൂടി ഓര്‍മയിലെത്തിച്ചതിന് നന്ദി.  ദി റിയല്‍ കേരള സ്റ്റാറി കണ്ട് മലയാളത്തിനാകെ അഭിമാനം ഉയരട്ടെ.