The city in History എന്ന ഗ്രന്ഥത്തിൽ ലൂയീസ് മാംഫോർഡ് കുറിച്ചിട്ടു. "നഗരമെന്നാൽ ഊർജ്ജത്തെ സംസ്കാരമാക്കുന്ന ഒരു മൂശയാണ്".
ഒന്ന്
ഉയിരെടുത്ത മണ്ണിൽ അവര്‍ ഉയിർത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിൽ ഇറങ്ങിപ്പോരുകയാണ്. ഒന്നും കാണാനും കേൾക്കാനും ശക്തിയില്ലാതെ, അശക്തനായി ഓടിപ്പോരുകയാണ് എന്നു പറയുന്നതാകും ശരി. മേപ്പാടിയിലെ ക്യാമ്പിൽ ആരുടെയും മുഖത്തു നോക്കാതിരുന്നപ്പോഴാണ് സർവതും നഷ്ടപ്പെട്ട് ചൂരമലയിൽ നിന്ന് രക്ഷപെട്ടോടിയ ഒരു മനുഷ്യൻ അടുത്തു വന്നിരുന്നത്. ഒരു പരിചയവുമില്ലാത്തിരുന്നിട്ടും ചിരിക്കാൻ ശ്രമിച്ചത് അയാളാണ്. കണ്ണീർ അയാളുടെ കാഴ്ച മറച്ചിരുന്നു. നിറകണ്ണിൽ അയാളനുഭവിച്ചതെല്ലാം ഉണ്ടായിരുന്നു. എന്തെങ്കിലും ചോദിക്കും മുൻപെ അവിടെയുണ്ടായിരുന്ന പത്രം നിവർത്തി അതിലെ ചിത്രത്തിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. ‘ഇവിടെയായിരുന്നു എന്‍റെ വീട്. ഇതായിരുന്നു വീട്ടിലേയ്ക്കുള്ള വഴി’. ഇടറിയ ശബ്ദത്തിന്റെ തുടര്‍ച്ചയെന്നോണം പത്രത്തിൽ ഒരുതുള്ളി കണ്ണീരിറ്റുവീണു. ‘വീടിനൊപ്പം ഭാര്യയും, കൊച്ചുമകളും പോയി. അവരെ ഇനിയും കിട്ടിയിട്ടില്ല...’ അയാള്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ തിരിച്ചറിഞ്ഞു ഇനിയും ഇത് കേട്ടുനല്‍ക്കാനാകില്ലെന്ന്...
രണ്ട്
ഒരു ഗ്രാമമൊന്നാകെ ഒരിടത്തേക്കൊതുങ്ങിയതിന്‍റെ കാഴ്ചകളായിരുന്നു ദുരിതാശ്വാസക്യാംപുകളില്‍. അടക്കിപ്പിടിച്ച തേങ്ങലുകളെ ഖണ്ഡിച്ച് ചിലപ്പോള്‍ അലമുറകളുയരും. വീണ്ടുമങ്ങോട്ട് നിര്‍വികാരതയുടെ തണുപ്പ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ മരവിപ്പ് നിറഞ്ഞ മുഖങ്ങള്‍. ആരോ കൊടുത്ത കുപ്പായത്തിൽ, ആരോ നീട്ടിയ ഭക്ഷണത്തിൽ, പൊടുന്നനെ ജീവിതം ഒതുങ്ങിപ്പോയവര്‍.
ക്യാംപിൽ നിന്നൊന്ന് പുറത്തുപോയ പ്രായം ചെന്നൊരമ്മ വറ്റാത്ത കണ്ണോടെ വീണ്ടും മടങ്ങിയെത്തി. ‘ചെറുമകന്റെ അടക്കത്തിന് പോയതാണ്. അവന്റെ അച്ഛനെ ഇനിയും കിട്ടിയിട്ടില്ല. സഹിക്കാൻ പറ്റില്ല മോനേ.. എന്റെ മോനെ തിരിച്ചറിയാനേ പറ്റുന്നില്ല ഇതൊക്കെ കാണാതിരിക്കുന്നതാണ് നല്ലത്...’ ആ അമ്മ വിതുമ്പിക്കരഞ്ഞു.
നിശബ്ദമിങ്ങനെ നോക്കുന്നവർക്കെല്ലാം പറയാനുള്ളത് ഒരേ കഥ. ഒരേ അനുഭവം. ഇടയ്ക്ക് ഇടറിയൊരു ശബ്ദം. ‘വീട്ടിൽ നിന്ന് ആറുപേരാണ് പോയത്. എട്ടനെ കിട്ടി. മറ്റാരേയും കിട്ടിയില്ല. അതിൽ പിഞ്ചു കുട്ടികളുമുണ്ടായിരുന്നു’. ഉള്ളൊന്നുലയാതെ, തേങ്ങലോടല്ലാതെ കേട്ടിരിക്കാനാവില്ല. ചോര കിനിയുന്ന മുറിപ്പാടുപോലെ ദുരിതാശ്വാസക്യാംപിലെ ഓരോ മുഖത്തും കണ്ണീർച്ചാൽ.
ഉള്ളു പിടയുന്നവരങ്ങനെ ക്യാമ്പുകളിൽ അടുത്തു വന്നിരിക്കും. മരണം മലയിറങ്ങിയ നേരമോർക്കും. നോവുപറയും. "കൂട്ടുനിന്നൊരുവനെ കൺമുന്നിലൂടെയാണ് പുഴയെടുത്തു പോയത്". ഒരാൾ പറഞ്ഞു. ആരുമില്ലാത്തവരും, പോകാനിടമില്ലാത്തവരും ഒട്ടേറെയുണ്ട് ചുറ്റും.
മൂന്ന്
തീരാവേദനയുടെ നേര്‍ചിത്രങ്ങളായിരുന്നു മേപ്പാടിയിലുമുണ്ടായിരുന്നത്. ഉറ്റവരെത്തേടി അലയുന്നവര്‍ ഇപ്പോഴുമുണ്ട്. തോരാക്കണ്ണീരില്‍ വാക്കുകള്‍ മുറിഞ്ഞുപോയവര്‍. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് എത്തിയത് ഒരു വീട്ടിലാണ്. അവിടെയൊരു ബാപ്പ മകളും കൊച്ചുമകളും പോയ വേദന പറഞ്ഞു. മേപ്പാടിയിലെ ചിതകളില്‍ തീ മാത്രമാണ് അണഞ്ഞത്. ചിതയെരിഞ്ഞ കരയില്‍ വീണ കണ്ണീരിന് തീപ്പന്തങ്ങളെക്കാള്‍ ചൂടുണ്ട്.
നാല്
നെഞ്ചിലെ ആധിക്കറുതിയാകുന്നതെന്തെങ്കിലും കേട്ടിരുന്നെങ്കിലെന്ന് ആശിച്ച നിമിഷങ്ങളിലാണ് ഫയര്‍ ആന്‍റ് റസ്ക്യൂ ഓഫീസര്‍ നിബില്‍ദാസിന്‍റെ വരവ്. ചെളിയില്‍ പൂണ്ടുപോയൊരാളെ നെഞ്ചോട് ചേര്‍ത്ത് കെട്ടി അയാള്‍ ജീവിതത്തിലേക്ക് ഉയര്‍ത്തി. നിബിലിന് മുന്നില്‍ ഇടവേളകളുണ്ടായിരുന്നില്ല. അടുത്ത ഊഴം അരുണിന്‍റേതായിരുന്നു. മൂന്നുമണിക്കൂര്‍ ചെളിയില്‍ പുതഞ്ഞ് അരുണ്‍ മരണം കാത്തു കിടന്നു. രക്ഷതേടിയുള്ള അരുണിന്‍റെ മുറവിളിയിലേക്കും നിബില്‍ദാസിന്‍റെ നീട്ടിയ കരങ്ങളെത്തി. ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തിയ നിബില്‍ ദാസ് അങ്ങിനെ അഗ്നിരക്ഷാസേനയുടെ ആത്മാർപ്പണത്തിന്റെ അടയാളമായി മാറി. ആപേര് മനുഷ്യത്വത്തിന്റെ ആഴം പറഞ്ഞതിനൊപ്പം ദുരന്തഭൂമിയിലെ ആശ്വാസത്തുരുത്തുമായി.
അഞ്ച്
പുത്തുമലയിലെ പച്ചമണ്ണിലായിരുന്നു ശ്മശാനമൊരുക്കിയത്. ആഗസ്റ്റ് 4 ഞായറാഴ്ച. വരിവരിയായി കുഴികളെടുത്തു. ഒന്നും രണ്ടുമല്ല, 38 എണ്ണം. ഉച്ചയോടെ ആളുകളെത്തിത്തുടങ്ങി. ഒറ്റയ്ക്കും, കൂട്ടായും. നിറകണ്ണും, വിറയാർന്ന ചുണ്ടുകളുമായവർ പകലൊടുങ്ങിയിട്ടും കാത്തു നിന്നു. ആൾക്കൂട്ടത്തിന്റെ നിശബ്ദതയോളം കനമുള്ള മറ്റെന്തുണ്ട്. പിരിഞ്ഞുപോയവരെക്കൂട്ടി രാത്രി ഒന്‍പതരയോടെ നിരനിരയായി ആംബുലന്‍സുകളെത്തി. ചിതറിയും, തെറിച്ചും പോയ പൂർണതയില്ലാത്ത എട്ടു ശരീരങ്ങൾ. അവർക്കായി സര്‍വമത പ്രാർഥന. ആരെന്നു പോലും അറിയാത്തവർക്കായി കൂട്ടുവന്നവരും, കൂടി നിന്നവരും ഒപ്പം ചേർന്നു. ചടങ്ങുകൾക്ക് ശേഷം ഓരോന്നായി കുഴിയിലേക്ക്. ഒരു നാട്ടില്‍ ഒരുമയോടെ കഴിഞ്ഞവർ ഒന്നായി മടങ്ങി.
രണ്ടുദിവസത്തിനു ശേഷം രണ്ട് സഹോദരങ്ങളെ കണ്ടു. അന്ന് പുത്തുമലയിലെ സർവ്വമത പ്രാർഥനയിൽ അവരും പങ്കെടുത്തിരുന്നു. അന്ന് സംസ്കരിച്ച മൃതദേഹങ്ങളിലൊന്ന് അവരുടെ അനുജന്റേതാണെന്നറിയാതെ. അനിലിന്റെയും, അരുണിന്റെയും പ്രിയപ്പെട്ട അനുജൻ ഹരിദാസ് ഉറങ്ങുന്നത് 176–ാം നമ്പർ കുഴി മാടത്തില്‍. അത് തിരിച്ചറിഞ്ഞ ശേഷം അവർ പറഞ്ഞു. ‘അവിടെ ഇനി 176 എന്ന അക്കമില്ല. ആ കുഴിമാടത്തിന് അവകാശികളായി ഞങ്ങളുണ്ട്’. സംസ്കരിച്ച മൃതദേഹങ്ങളുടെ ഫോട്ടോ നോക്കിയാണ് അവര്‍ ഹരിദാസിനെ തിരിച്ചറിഞ്ഞത്. അവസാനമായി അവനെയൊന്ന് കാണാനോ ഒരിറ്റു വെള്ളം കൊടുക്കാനോ കഴിഞ്ഞില്ലല്ലോ എന്ന അവരുടെ വാക്കുകൾ ഉള്ളുനനച്ചു. അമ്മ അമ്മാളുവിനെയും, സഹോദരി ചിന്നയേയും ഇന്നും കണ്ടെത്തിയിട്ടില്ല.
ആറ്
ഉള്ളുപൊള്ളി കരയുന്നൊരു കുഞ്ഞ്. അതുകേട്ട് കരളലിയുന്ന ഒരമ്മ. ഇരുവരെയും കണ്ടത് ചൂരല്‍മലയിലെ ദുരന്തമുഖത്ത്. ഒന്നല്ല പലയാവർത്തി കരഞ്ഞു ആ കുഞ്ഞ്. തൊണ്ട പൊട്ടുമാറുച്ചത്തിൽ. ഉരുളലച്ചു വരുന്നത് കണ്ടവളാണ്. രക്ഷപെട്ടവളാണ്. ഭീതിയെറെയുണ്ട് കരച്ചിലിൽ. പുലർച്ചെ മുതൽ അമ്മയെ തേടി അലയുന്നതാണ്. ഒടുവില്‍ മറുകരയില്‍ നിന്ന് അമ്മ വിളികേട്ടു. ഒന്നുചേരാൻ ഇരുവരും നോക്കി. വെള്ളമിപ്പോൾ പേടിയാണവർക്ക്. ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒത്തുകൂടിയവര്‍ അവരെ ഒന്നിപ്പിച്ചു.
ഏഴ്
ചൂരൽമലയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയിരുന്നു. സീറ്റുകളില്‍ ഇരിക്കുന്നവർ പഴയപോലെ മിണ്ടുന്നില്ല. നോക്കുന്നില്ല. വണ്ടികളിലുള്ളത് ഉറഞ്ഞുപോയ മൗനമാണ്. രണ്ടാഴ്ച മുന്‍പുവരെ തേയിലത്തോട്ടത്തിന് നടുവിലൂടെ ആനവണ്ടിയിങ്ങനെ നീങ്ങുമ്പോൾ കണ്ണുകളില്‍ കാഴ്ചയുടെ ആഘോഷമുണ്ടായിരുന്നു. ഇളംകാറ്റിന്‍റെ കുളിരുണ്ടായിരുന്നു. ഇന്ന് വളയം പിടിക്കുന്നവന് കൈവിറയ്ക്കുന്നുണ്ട്. ടിക്കറ്റ് മുറിക്കുന്നവന് തൊണ്ടയിടറുന്നുണ്ട്. അകത്ത് തീരാനോവും നിറച്ചാണ് വണ്ടി പോകുന്നത്. ഇല്ലാതായിപ്പോയ അവരുടെ പട്ടണത്തിലേക്കാണ് ഈ പോക്ക്. യാത്രക്കാരില്‍ പലരും പോകുന്നത് വീടു തേടിയാണ്. കാണാത്തവരെ തിരഞ്ഞാണ്.
സ്കൂളെത്തിയപ്പോൾ അഭിനന്ദും റിഷാലും നിന്നു. ദുരന്ത ശേഷം സ്കൂളിനെ അവർ ആദ്യം കാണുകയാണ്. ഇരുന്ന ബഞ്ചും പുസ്തകങ്ങള്‍വച്ച ഡസ്കും ചെളി നിറഞ്ഞ് ചിതറിക്കിടക്കുന്നു. ഇരുവരുടെയും ഉള്ളൊന്ന് കാളി. പള്ളിക്കൂടത്തിൽ അടുത്തിരുന്ന് പഠിച്ചവർ ഇനി ഒപ്പമുണ്ടാകില്ലെന്ന ഓർമ്മയില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ബസ്സിൽ നിന്നിറങ്ങിയ ഉടന്‍ ജുമൈല പൊട്ടിക്കരഞ്ഞു. തറവാടാണ് ലക്ഷ്യം. ബന്ധുക്കള്‍ക്കൊപ്പം പുതുക്കിപ്പണിത തറവാടിനെയും ഉരുൾ കൊണ്ടുപോയിരുന്നു. നടപ്പിനൊടുവിൽ ഒരു കൽക്കൂട്ടത്തിലെത്തി. അവിടെയെവിടെയോ അവരുടെ വീടുണ്ടായിരുന്നു. ഒടുവിൽ പാതി തകർന്നൊരു കെട്ടിടം നോക്കി പറഞ്ഞു. ഇവിടെയെവിടെയൊ ആയിരുന്നു ഞങ്ങൾ കുടുംബക്കാരൊത്തു ചേര്‍ന്നിരുന്ന ആ തറവാട്.
എട്ട്
ഇറങ്ങും മുൻപ് ക്യാമറാമാൻ മെൽബിൻ ജോസഫിനും, മലയാള മനോരമ ഫോട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാലിനുമൊപ്പം ആ ഭൂമിയിലൂടെ ഒന്നുകൂടി നടന്നു. ആദ്യംകണ്ട പലരേയും ഒന്നുകൂടി കണ്ടു. മടക്കം പറഞ്ഞു. മാഞ്ഞുപോയൊരു ഗ്രാമത്തിലൂടെ എങ്ങനെയാണൊരാൾക്ക് പോകാനാവുക. ക്ഷേത്രവും പള്ളിയും പള്ളിക്കൂടവും മാഞ്ഞൊരു ഗ്രാമത്തെ എങ്ങനെയാണ് കാണാനാവുക. ഈ കാൽ വച്ചിടത്ത്, ഈ നടന്നു പോകുന്നിടത്ത്, മണ്ണിനടിയിൽ ഒരു ജീവൻ പതിഞ്ഞിട്ടുണ്ടാകുമോ... അമ്പലമുണ്ടായിരുന്നിടത്ത് കോമര നെറ്റിയിൽ നിന്നൊഴുകും ചോരപോലെ വെറും മണ്ണ്. തകരാതെ നിന്ന പള്ളി മിനാരങ്ങളിൽ കണ്ണീരിറ്റുന്നു. അവിടെയാ പള്ളിക്കകത്ത് ഉരുളെടുത്ത ഒരു പുരോഹിതനുണ്ടായിരുന്നു. ഒറ്റയ്ക്കു നടന്നാൽ ഇരുട്ടിലെ നിലവിളിയും, നിസഹായതയും അനുഭവിക്കാം. കാഴ്ചകാണാൻ, കയ്യേറാൻ, കുന്നിടിക്കാൻ ഇനിയാരും ഈ വഴി വരേണ്ടതില്ല.