മലയാളത്തിലെ മികച്ച നടിയായി വിൻസി അലോഷ്യസ് മാറുമ്പോൾ അത് മനോരമ കുടുംബത്തിന്റെ കൂടി സ്വകാര്യ അഹങ്കാരമായി മാറുകയാണ്. മഴവിൽ മനോരമയുടെ നായികാനായകൻ പരിപാടിയിലൂടെയാണ് വിൻസി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. രേഖ എന്ന ചിത്രത്തിലൂടെ ഉത്തരകേരളത്തിലെ നാട്ടുമ്പുറത്തുകാരിയുടെ സ്വഭാവസവിഷേതകൾ തൻമയത്വത്തോടെ വെള്ളിത്തിരയിൽ പകർന്നാടിയതിനാണ് വിൻസിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
2018ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിൻസി. സംവിധായകൻ ലാൽജോസ് വിധികർത്താവായിരുന്ന പരിപാടിയിൽ മെൻഡറായിരുന്ന കുഞ്ചാക്കോബോബനൊപ്പമാണ് വിൻസി ചലച്ചിത്രരംഗത്തെ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതെന്നതും മറ്റൊരു സവിശേഷതയാണ്. സൗബിൻ സാഹിറിനൊപ്പം വേഷമിട്ട ‘വികൃതി’ ആയിരുന്നു വിൻസി അലോഷ്യസിന്റെ ആദ്യ സിനിമ. തുടർന്ന് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടങ്ങൾ കാഴ്ചവയ്ക്കാൻ കുറഞ്ഞ കാലംകൊണ്ട് വിൻസിക്കായി. മലപ്പുറം പൊന്നാനി സ്വദേശിയാണ് വിൻസി അലോഷ്യസ്.
പുരസ്കാരനേട്ടം ഒരുപാട് ആഗ്രഹിച്ചതായിരുന്നുവെന്നും രേഖ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് മനോരമന്യൂസിനോടുള്ള വിൻസിയുടെ ആദ്യ പ്രതികരണം.