അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ഏറ്റുവധികം തവണ പരാമർശിക്കപ്പെട്ടത് തിയറ്ററിൽ ജനങ്ങൾ കയ്യടിയോടെ ഏറ്റെടുത്ത ഒരു കൊച്ചുസിനിമയാണ്. വേറിട്ട വേഷപ്പകർച്ചയിൽ കുഞ്ചാക്കോബോബൻ അതിശയപ്പെടുത്തിയ സമകാലിക സാമൂഹ്യാവസ്ഥകളോട് മുനവെച്ച ചോദ്യങ്ങൾ ചോദിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. തിയറ്ററുകളിൽ നിറഞ്ഞോടിയപ്പോൾ തന്നെ ചില വിവാദങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ അംഗീകാരങ്ങളും കടന്ന് പുരസ്കാരങ്ങളുടെ കയ്യടിയും നേടിയിരിക്കുന്നു.

കുഞ്ചാക്കോബോബനെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനാക്കിയ ‘ന്നാ താൻ കേസ്കൊട്’ മജിസ്ട്രേറ്റായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പി.പി കുഞ്ഞികൃഷ്ണനെന്ന പുതുമുഖനടനെ മികച്ച സ്വഭാവനടനാക്കി മാറ്റി. മികച്ച തിരക്കഥാകൃത്തായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരത്തിന് വിപിന്‍ നായരും മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരത്തിന് ജ്യോതിഷ് ശങ്കറും മികച്ച പശ്ചാത്തല സംഗീതസംവിധായകനായി ഡോണ്‍ വിന്‍സെന്റും അര്‍ഹരായതും സിനിമയുടെ തിളക്കം കൂട്ടുന്നു. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പെം കുഞ്ചാക്കോ ബോബനെ അവസാന റൗണ്ട് വരെ എത്തിച്ചതും ‘ന്നാ താൻ കേസ് കൊട്’ലെ പ്രകടനമാണ്.

പരസ്യ വാചകത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ഏറെ വിമർശനങ്ങളും അധികഷേപങ്ങളുമായിരുന്നു ചിത്രത്തിന് നേരിടേണ്ടിവന്നത്. തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാചകത്തിലെ മൂർച്ചയുള്ള പരിഹാസമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ആക്ഷേപങ്ങൾ തിയറ്ററുകൾ നിറയ്ക്കാൻ മാത്രമാണ് സഹായിച്ചത്. ഇതിനിടെ രാഷ്ട്രീയവിശദീകരണങ്ങളും വന്നതോടെ ‘വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ;’ എന്ന പുതിയ പരസ്യവാചകവും അണിയറക്കാർ ഇറക്കിയിരുന്നു. ഒടുവിൽ 50കോടി കടന്ന പ്രേക്ഷകപിന്തുണയ്ക്കൊപ്പം ഇപ്പോൾ ജനപ്രിയചിത്രം എന്നതടക്കമുള്ള പുരസ്കാരനേട്ടങ്ങളും ചിത്രത്തെ തേടിയെത്തി.