ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് നവമാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തകള്‍ തള്ളി മലയാളത്തിന്റെ പ്രിയ നടി കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിനൊപ്പമാണ് കവിയൂര്‍ പൊന്നമ്മ മനോരമ ന്യൂസിനോട് സംസാരിച്ചത്. വടക്കന്‍ പറവൂര്‍ കരുമാലൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് കവിയൂര്‍ പൊന്നമ്മ. 

 

ആളിവിടെയുണ്ട്. നോക്കാനാളുമുണ്ട്. സിനിമയ്ക്കായി കവിയൂര്‍ പൊന്നമ്മ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് ആറരപതിറ്റാണ്ട് . മരിയക്കുട്ടിയിലും ശ്രീരാമപട്ടാഭിഷേകത്തിലും കുടുംബിനിയിലും തുടങ്ങി 58 മുതല്‍ ഇങ്ങോട്ട് സിനിമകളിലും സീരിയലിലുമായി ഒട്ടനവധി വേഷങ്ങള്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ വീട്ടിലിരുന്നത് കോവിഡ് കാലത്ത് മാത്രമാണ്. 1977ല്‍ മാത്രം 23 ചിത്രങ്ങളില്‍ അഭിനയിച്ചു. 

 

സിനിമയിലെ അറുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് പഴയകാല സുഹൃത്തുക്കളില്‍ പലരും മണ്‍മറഞ്ഞു. ഒാര്‍മകള്‍ ഇടയ്ക്ക് മുറിയുമ്പോള്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ശാരദയും സീമയും അമ്മയില്‍നിന്ന് ഇടവേള ബാബുവിന്റെയും യുഎസില്‍നിന്ന് മകളുടെയുമെല്ലാം വിളിെയത്തും. ഇതിനിടെ വീട്ടിലെത്തിയ അതിഥികളില്‍ ഒരാള്‍ പകര്‍ത്തിയ പൊന്നമ്മയുടെ സ്വകാര്യഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിച്ചു. പൊന്നമ്മയെ വീട്ടുകാര്‍ നട തള്ളിയെന്ന മട്ടില്‍. എന്താ പറയുകയെന്നായിരുന്നു അതേകുറിച്ച് മലയാള സിനിമയിലെ തലമുതിര്‍ന്ന അമ്മയുടെ മറുചോദ്യം. സിനിമാജീവിതം അറുപത്തിയഞ്ചുവര്‍ഷം പിന്നിടുന്നതിന് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. ഇഷ്ടഗാനങ്ങളിലൊന്ന് പാടി .