ജവാന്‍ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നതെങ്കിലും, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷന്‍ നേടിയ ജവാന്‍ പുതിയ റെക്കോര്‍‍ഡുകളിലേക്ക്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ആഗോള കലക്ഷന്‍ 520.79 കോടി. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരൂഖിന്റെ തന്നെ ചിത്രമായ പഠാന്റെ റെക്കോര്‍ഡും ജവാന്‍ തകര്‍ത്തു.

 

ഏറ്റവും വേഗത്തില്‍ 250 കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇനി ജവാന് സ്വന്തം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ചിത്രം 34 കോടിയാണ് ചിത്രം  നേടിയത്. തുടര്‍ച്ചയായി നാല് 100 കോടികള്‍ നേടുന്ന സംവിധായകന്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് അറ്റ്ലീ. വിജയെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ‘തെറി’, ‘മെഴ്സല്‍’ ,‘ബിഗില്‍’ എന്നീ സിനിമകള്‍ നൂറ് കോടി കടന്നിരുന്നു. ആ പട്ടികയിലേക്ക് ഇനി ഷാരൂഖിന്റെ ജവാന്‍ ചിത്രവും ഇടംപിടിച്ചു. കേരളത്തില്‍ നിന്നും ഒരു ഹിന്ദി ചിത്രം സ്വന്തമാക്കുന്ന ഏറ്റവും വലിയ കലക്‌ഷനാണ് ചിത്രം നേടിയത്. 3.5 കോടി.

 

ഷാരൂഖിന്റെ ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന മാസ് ആക്ഷന്‍ സിനിമ എന്ന ലേബലാണ് ചിത്രത്തിനുള്ളത്. അറ്റ്ലീയുടെ മുന്‍പ് ഇറങ്ങിയ സിനിമകളായ ‘തെറി’ ‘മെഴ്സല്‍’ ‘ബിഗില്‍’ എന്നീ ചിത്രങ്ങളുടെ  പകര്‍പ്പാണ് ചിത്രമെന്ന് ഒരുകൂട്ടം പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ജവാന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നാണ്  ഷാരൂഖ് ആരാധകരുടെ പക്ഷം. ഈ തരത്തിലാണ് ചിത്രം തീയറ്ററുകളില്‍ നിന്നും പണം വാരുന്നതെങ്കില്‍ അടുത്തയാഴ്ച കൊണ്ട് ജവാന്‍ 1000 കോടി നേടുമെന്ന ആത്മവിശ്വാസത്തിലാണ് ജവാന്റെ അണിയറ പ്രവര്‍ത്തകര്‍.

 

Jaawan has the biggest opening collection in the history of Indian cinema