സിനിമകള്‍ നൂറു കോടി ക്ലബിലെത്തുന്നതിലെ അവകാശവാദത്തിന്റെ പിന്നിലെ യാഥാര്‍ഥ്യം തുറന്നു പറഞ്ഞ് നിർമാതാവ് സുരേഷ് കുമാർ. മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി രൂപ കലക്ട് ചെയ്തിട്ടില്ല. നൂറ് കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കലക്‌ഷനാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നിർമിക്കാൻ തുടങ്ങിയ കാലത്ത് പരാജയങ്ങൾ ഉണ്ടായാലും താങ്ങാൻ കഴിയുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാൽ താരങ്ങൾ കോടികളാണ് വർധിപ്പിക്കുന്നത്. ഇന്ന് നിർമാണം ഒരു ൈകവിട്ട കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
‘‘ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല, കലക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കലക്‌ഷന്റെ കാര്യത്തിലാണ്.’’–സുരേഷ് കുമാര്‍ പറഞ്ഞു.
സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിർപ്പെന്നും അദ്ദേഹം പറയുകയുണ്ടായി. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.