keerthy-weddingsaree

Image Credit: Instagram

തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷിന്‍റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. ഗോവയില്‍ നടന്ന പരമ്പരാഗത ശൈലിയിലുളള വിവാഹച്ചടങ്ങിന്‍റെ ചിത്രങ്ങളെല്ലാം തന്നെ വൈറലാണ്. ഇപ്പോഴിതാ കീര്‍ത്തി ധരിച്ച വിവാഹസാരിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മണിക്കൂറുകളെടുത്ത് നെയ്തെടുത്ത വിവാഹസാരിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കീര്‍ത്തി മാജിക്കാണ് സാരിയെ വ്യത്യസ്തമാക്കുന്നത്.

ദീര്‍ഘകാല സുഹൃത്തായ ആന്‍റണി തട്ടിലുമായുളള കീര്‍ത്തിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗോവയില്‍ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണാചാരപ്രകാരം  നടന്ന  വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് സാരി ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്‍മാരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്‍റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്‍റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും. ആന്‍റണിയുമൊത്തുളള വിവാഹചിത്രങ്ങള്‍ കീര്‍ത്തി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാതാരങ്ങളടക്കം ഒട്ടേറെ പേരാണ് താരത്തിന് വിവാഹാശംസകളുമായെത്തിയത്. 

ENGLISH SUMMARY:

Actress Keerthy Suresh's wedding saree goes viral