ഇന്ത്യന്‍ പ്രേക്ഷകരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിജയവിരാമം. എക്കാലത്തെയും ക്ലാസിക് ചിത്രം ‘നായകൻ’ ഇറങ്ങി 35 വർഷങ്ങൾക്ക് ശേഷം, മണിരത്‌നത്തിന്റെ ഫ്രെയ്മില്‍ കമല്‍ഹാസന്‍ അവതരിച്ചു. ഇരുവരും ഒന്നിക്കുന്ന ‘തഗ് ലൈഫി’ന്റെ ആദ്യ വിഡിയോ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് വിരുന്നായി. ചിത്രത്തില്‍ ജയം രവി, തൃഷ എന്നിവര്‍ക്കാപ്പം മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാനും പ്രധാനവേഷത്തില്‍ എത്തുന്നു.  

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് തഗ് ലൈഫ് എന്നാണ് ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വിഡിയോ നല്‍കുന്ന സൂചന. സസ്പെന്‍സുകള്‍ ഏറെ ഒളിപ്പിച്ച വിഡിയോയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ചിത്രമോ, ആക്ഷന്‍ ചിത്രമോ, പിരീയോഡിക് ചിത്രമോ അതോ ഇത് മൂന്നും ചേര്‍ന്ന ബ്രഹ്മാണ്ഡചിത്രമോ എന്നാണ് ആരാധകരുടെ ചോദ്യം. ഉലകനായകന്‍റെ ഇതുവരെ കാണാത്ത രൂപഭാവവും ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്. ‌ കമല്‍ഹാസന്‍, മണിരത്നം, എ.ആര്‍.റഹ്മാന്‍ എന്നീ പ്രഗത്ഭര്‍ ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. 

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.

Kamal Haasan Mani Ratnam combo; Thug life title announcement video out now