തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ്പ്ഫേക്ക് വിഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിലും സിനിമാ രംഗത്തും വന്‍ രോഷമാണ് ഉയരുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ ഇതിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി രശ്മിക മന്ദാന തന്നെ എത്തിയിരിക്കുകയാണ്.
‘സാങ്കേതികവിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വളരെയധികം ഭയപ്പെടുത്തുന്നതാണ്. വളരെ വേദനയിലാണ് ഇതേകുറിച്ച് സംസാരിക്കുന്നത്. അത് എന്നെ മാത്രം ഓര്‍ത്തല്ല, മറിച്ച് ഇത്തരത്തില്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിന് ഇരയാകേണ്ടി വരുന്ന ഓരോ ആളുകളെകുറിച്ച് ഓര്‍ക്കുമ്പോഴും പേടിയുണ്ട്’, രശ്മിക പറയുന്നു. അതേസമയം ഇത്തരമൊരു വിഷമഘട്ടത്തില്‍ കൂടെ നിന്നവരോട് രശ്മിക നന്ദി പറയുകയും ചെയ്യുന്നുണ്ട്. ‘ഒരു സ്ത്രീ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും എന്നെ സംരക്ഷിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികൾക്കും നന്ദി എന്നാണ് രശ്മിക കുറിച്ചത്. ഒരുപക്ഷേ ഇത് സംഭവിച്ചത് സ്കൂളിലോ കോളേജിലെ പഠിക്കുമ്പോഴായിരുന്നെങ്കില്‍ ഞാനിതെങ്ങിനെ നേരിടും എന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഡീപ്ഫെയ്ക്കിന്‍റെ ചതിക്കുഴികളില്‍ വീഴുന്നതിന് മുന്‍പ് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും റശ്മിക കുറിച്ചു.
അതേസമയം തനിക്കായി സംസാരിച്ച ബിഗ് ബിക്ക് രശ്മിക നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് വേണ്ടി സംസാരിച്ചതിന് നന്ദി. താങ്കളെപ്പോലുള്ള വ്യക്തിത്വങ്ങളുള്ള ഈ രാജ്യത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്നാണ് അമിതാഭ് ബച്ചന്‍റെ ട്വീറ്റ് പങ്കിട്ടുകൊണ്ട് രശ്മിക എക്സില്‍ കുറിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഡീപ്പ്ഫേക്ക് വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മിക എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍ വിഡിയോ വൈറലായതോടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് ആരാധകരില്‍ ചിലര്‍ കണ്ടെത്തി. പിന്നാലെ വിഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി അഭിഷേക് സെ എന്നയാള്‍ പങ്കുവച്ച ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രതികരണവുമായി അമിതാഭ് ബച്ചന്‍ എത്തിയത്. അമിതാഭ് ബച്ചനു പിന്നാലെ മറ്റു താരങ്ങളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.
വ്യാജവിഡിയോക്കെതിരെ പ്രതികരിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തുകയുണ്ടായി. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കേണ്ടത് മോദി സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചത്. വ്യാജ പ്രജരണങ്ങള്‍ തടയേണ്ടതാണെന്നും അത് തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Reacting to her viral deepfake video, Rashmika Mandanna says: 'extremely scary how technology is being misused'