mansoor-controversy

നടി തൃഷയെ അപമാനിച്ചുള്ള മന്‍സൂര്‍ അലി ഖാന്‍റെ അശ്ലീല പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. എക്സിലൂടെയാണ് ചിരഞ്ജീവി തന്‍റെ പ്രതികരണം അറിയിച്ചത്. ‘മന്‍സൂര്‍ അലി ഖാന്‍ നടത്തിയ മോശം പ്രസ്താവന ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകാരന് മാത്രമല്ല ഏതൊരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്‍റെ ഇത്തരം കമന്‍റുകള്‍ ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതാണ്. ഞാന്‍ തൃഷയ്ക്കൊപ്പമാണ്. ഇത്തരം മോശം  കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്‍ത്രീകള്‍ക്കുമൊപ്പവുമാണ്’–  അദ്ദേഹം കുറിച്ചു. 

ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ റേപ്പ് സീന്‍ ഇല്ലെങ്കിലും  ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. മന്‍സൂര്‍ അലി ഖാന്‍റെ പരാമര്‍ശം ശ്രദ്ധയിപ്പെട്ടതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തിയിരുന്നു. 

"മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപെട്ടു. ശക്തമായി അപലപിക്കുന്നു. മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇത്തരം അനുഭവങ്ങള്‍ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു" എന്നാണ് തൃഷ എക്സില്‍ കുറിച്ചത്. ലോകേഷ് കനകരാജ്, മാളവിക, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളും തൃഷയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. 

സംഭവം വിവാദമായതോടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ  താര സംഘടനയായ നടികര്‍ സംഘവും മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ നേരത്തെ രംഗത്ത് എത്തിയിരുന്നു. മൻസൂര്‍ അലി ഖാൻ മാപ്പ് പറയണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്ന് മൻസൂർ അലി ഖാൻ പറ‍ഞ്ഞു. തൃഷയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് മൂലം താൻ പ്രശസ്തന്‍ ആയതിൽ സന്തോഷമുണ്ട്. വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ രാജ്യത്തെ സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേൾക്കാതെ നടികർ സംഘം വാർത്താക്കുറിപ്പ് ഇറക്കിയത് ഹിമാലയൻ മണ്ടത്തരമാണെന്നും, നാലു മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.

Mansoor Ali Khan controversy statement