goa-film

അൻപത്തിനാലാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വർണാഭമായ തുടക്കം. സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാച്ചിങ്ങ് ഡസ്റ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഒൻപതുദിവസത്തെ മേളയിൽ 270 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലോക സിനിമയുടെ ജാലകം തുറക്കുന്ന ഇന്ത്യയുടെ സ്വന്തം ചലച്ചിത്രമേളയ്ക്ക് ആലോഷത്തോടെ തുടക്കം. മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര അണിനിരന്ന കലാപ്രകടനം. മേളയുടെ ഉദ്ഘാടനം ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ നിർവഹിച്ചു. ഉദ്ഘാടന ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത് സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാച്ചിങ്ങ് ഡസ്റ്റ്. സമഗ്രസംഭാവനയ്ക്കുള്ള ഭാരതീയ സിനിമ പുരസ്കാരം നടി മാധുരി ദീക്ഷിതിന് ചടങ്ങിൽ സമ്മാനിച്ചു. 13 വേൾഡ് പ്രീമിയറുകൾ ഉൾപ്പെടെ നാല് വേദികളിയായി 270 ചിത്രങ്ങൾ  മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും ഉണ്ടാകും. ആനന്ദ് ഏകർഷിയുടെ മലയാള ചിത്രം ആട്ടം ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. 15 സിനിമകളാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരത്തിനായി മൽസരിക്കുന്നത്. മികച്ച ഒ.ടി.ടി വെബ് സീരീസിന് പത്ത് ലക്ഷത്തിന്റെ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. തീയറ്ററുകളിൽ നിന്ന് തുറന്ന വേദികളിലേക്കും കടൽത്തീരത്തേയ്ക്കും സിനിമാ പ്രദർശനം നീളും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒൻപത് ദിവസത്തെ മേള 28 ന് സമാപിക്കും.