ഒറ്റപ്പെടലും സങ്കടങ്ങളും ഉള്ളിലൊതുക്കുന്ന കഥാപാത്രങ്ങളാണ് ‘കാതല്‍’ സിനിമയുടെ കാതല്‍. മാത്യു ദേവസിയും ഓമനയും തങ്കനും അനുഭവിക്കുന്ന അതേ സംഘര്‍ഷം അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്നു. മാത്യുവിന്റേയും ഓമനയുടേയും മകളായി അനഘ മായാ രവി തന്റെ റോള്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
കാതല്‍ ഇത്രയധികം ചര്‍ച്ചയാകുമെന്നു തോന്നിയിരുന്നോ ?
ഇത്ര പ്രതീക്ഷിച്ചില്ല. സിനിമ പ്രേക്ഷകര്‍ക്കു ഇഷ്ടപ്പെടുമെന്നു ഉറപ്പായിരുന്നു. കഥയും അത് അവതരിപ്പിച്ച രീതിയും ആളുകള്‍ സ്വീകരിക്കുമെന്നു തോന്നി. ചിത്രത്തിന്റെ വിഷയം നേരത്തെ സംവിധായകന്‍ ജിയോ ബേബി സൂചിപ്പിച്ചിരുന്നു. ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട് ഫിലിം കണ്ടിട്ടാണ് ജിയോ വിളിക്കുന്നത്. പിന്നെ ഓഡിഷനും സ്ക്രീന്‍ ടെസ്റ്റും നടത്തി. കഥയും വിശദീകരിച്ചു.
അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ?
എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. എന്റെ കുടുംബത്തില്‍ തന്നെ എതിര്‍പ്പുള്ളവരുണ്ട്. അതൊക്കെ സ്വാഭാവികമാണ്. ആദ്യമൊക്കെ എനിക്കു മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അംഗീകരിക്കാന്‍ മടിയുള്ളവരാണ് ചിലര്‍.
കാതലിലെ മകള്‍
കുറഞ്ഞ സ്ക്രീന്‍ സ്പേസ് ആണെങ്കിലും അതിന്റെ ആഴം സംവിധായകന്‍ പറഞ്ഞു തന്നിരുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലെ സീനായിരുന്നു ആദ്യം എടുത്തത്. പ്രധാനപ്പെട്ട രംഗമാണെന്നറിയാം. മമ്മൂക്കയുടെ കൂടെയുള്ള ആ സമയം മറക്കാനാകില്ല. ഒരു നിമിഷം കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്കു മാറുന്നത് നേരില്‍ കണ്ടു. ശരിക്കും മാജിക്കല്‍ മൊമെന്റ്.