ലക്ഷ്മിക സജീവന്‍ എന്ന നടിയെ അധികമാര്‍ക്കും അറിയില്ല, എന്നാല്‍ കാക്കയിലെ പഞ്ചമിയെ അറിയാത്തവര്‍ ഒരുപക്ഷേ കുറവായിരിക്കും. അജു അജീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘കാക്ക’യിലൂടെയാണ് ലക്ഷ്മിക പ്രേക്ഷകശ്രദ്ധ നേടിയത്.  കോവിഡ് കാലത്താണ് കാക്ക ഇറങ്ങിയത്. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ അവഗണിക്കപ്പെടുന്നവരുടെ ശബ്ദവും രൂപവുമായിരുന്നു അന്ന് പഞ്ചമിക്ക്. ആ മേക്കോവറിനു പിന്നിലെ ലക്ഷ്മിക സജീവന്‍ എന്ന അഭിനേത്രിയുടെ മരണവാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും കേട്ടത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലക്ഷ്മികയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടത്.  ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു ലക്ഷ്മിക. മരണകാരണം ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും  ലക്ഷ്മിക അഭിനയിച്ചു. 27വയസുകാരിയായ ലക്ഷ്മിക ജോലിയും അഭിനയവും ഒരേ പോലെ കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ഞെട്ടിക്കുന്ന മേക്കോവര്‍ ആയിരുന്നു കാക്കയില്‍ ലക്ഷ്മികയ്ക്ക്. പല്ല് ഉന്തി നില്‍ക്കുന്ന രൂപമായിരുന്നു പഞ്ചമിക്ക്.  താല്‍ക്കാലിക പല്ല് ഘടിപ്പിച്ച് നിറം നന്നായി കറുപ്പിച്ചായിരുന്നു മേക്കോവര്‍. ആദ്യദിനങ്ങളില്‍ ഈ മേക്കോവറും ഉന്തിയ പല്ലും തനിക്കേറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ലക്ഷ്മിക അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പിന്നെ ആ കഥാപാത്രത്തോട് പൊരുത്തപ്പെടാനായെന്നും ലക്ഷ്മിക പറഞ്ഞിരുന്നു. എങ്കിലും ആ കഥാപാത്രം ലക്ഷ്മികയെ പ്രേക്ഷകപരിചിതയാക്കിയെന്നതില്‍ സംശയമില്ല. ഒടുവിലിപ്പോള്‍ ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് ലക്ഷ്മികയുടെ വേര്‍പാട്. 

Actress Lakshmika Sajeevan Passed Away; Report on her famous works