മലയാള സിനിമാപ്രേക്ഷകര്‍ക്ക് അമ്മയെന്ന് പറഞ്ഞാല്‍ അത് കവിയൂര്‍ പൊന്നമ്മയാണ്. നിരവധി അമ്മ വേഷങ്ങളിലൂടെ ആ സ്ഥാനം മലയാളികളുടെ മനസില്‍ ഊട്ടിയുറപ്പിച്ച മറ്റൊരു അഭിനേത്രിയുണ്ടാകില്ല. പ്രായാധിക്യം മൂലം ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കവിയൂര്‍ പൊന്നമ്മ. എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട അമ്മയെ കാണാനെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസും ആനിയും. കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച വിശേഷങ്ങളും ചിത്രവും ഷാജി കൈലാസ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്.

നിർമാതാവ് ആൽവിൻ ആന്റണി, ഭാര്യ ആനി എന്നിവര്‍ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂർ പൊന്നമ്മയെ കാണാനെത്തിയത്. 'എന്‍റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവിഴിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷമാണിത്. സര്‍വശക്തന്‍ എന്‍റെ 'പൊന്‍' അമ്മയ്ക്ക് ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ' എന്നാണ് കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട്  ഷാജി കൈലാസ് സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. 

നീണ്ട ആറു പതിറ്റാണ്ട് കൊണ്ട് എഴുനൂറില്‍പരം സിനിമകളിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സിനിമജീവിതത്തില്‍ നിന്നും മാറി വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് കവിയൂര്‍ പൊന്നമ്മയിപ്പോള്‍. 2021 ൽ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. 

Shaji Kailas visited Kaviyoor Ponnamma