അച്ഛന്‍റെ ഓര്‍മ്മദിനത്തില്‍ വൈകാരിക കുറിപ്പുമായി സുപ്രിയ മേനോന്‍. അച്ഛനെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കഴി‍ഞ്ഞ മൂന്നു വര്‍ഷമായി ജീവിതത്തില്‍ ഇല്ലെന്നും തന്‍റെ ഫോണിന്‍റെ സ്പീഡ് ഡയലില്‍ ഇപ്പോഴും അച്ഛന്‍റെ നമ്പറുണ്ടെന്നും സുപ്രിയ പറയുന്നു. അച്ഛന്റെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് സുപ്രിയയുടെ കുറിപ്പ്. 2021ലാണ് സുപ്രിയ മേനോന്റെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം. പക്ഷേ ഞങ്ങൾ അച്ഛനെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എനിക്ക് അച്ഛനോട് സംസാരിക്കാന്‍ കഴിയുന്നില്ല, എന്‍റെ ഫോൺ എടുക്കുന്നതും ഓരോ ചെറിയ കാര്യത്തിനും അച്ഛനെ വിളിക്കുന്നതുമൊക്കെ മിസ്സ് ചെയ്യുന്നു. നിങ്ങളുടെ നമ്പർ ഇപ്പോഴും എന്‍റെ സ്പീഡ് ഡയലിലാണ്, അത് മാറ്റാന്‍ എനിക്കാവില്ല.

ഞാൻ അച്ഛനെ മിസ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എവിടേക്കെങ്കിലും പോയാൽ ഞാൻ അവിടെ എത്തിയോ, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കും. ആ സമയത്ത്, ഞാൻ വലുതായി, എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാറായെന്നൊക്കെയായിരുന്നു അന്ന് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ഫോൺ കോൾ കിട്ടാൻ എന്റെ എല്ലാം നൽകാൻ ഞാൻ തയാറാണ്.

ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും. അതുപോലെ ഞാൻ തൊടുന്നത് എങ്ങനെയാണ് ഡാഡി അറിയുന്നതെന്നും ഡാഡിയുടെ തഴമ്പുള്ള കൈകൾ എന്നെ പിടിക്കുന്ന ഓർമകളും എനിക്ക് നഷ്ടമാകുമോ എന്നു തോന്നും. ഡാഡി, താങ്കൾ എന്നെ സ്നേഹിച്ചത് പോലെ ആരും എന്നെ സ്നേഹിക്കില്ല. ഞാനെപ്പോഴും താങ്കളെ മിസ് ചെയ്യും.