ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിന്‍റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കഴിഞ്ഞ ഇടയ്ക്ക് പുറത്തിറങ്ങിയ വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ ഉള്‍പ്പെടുത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ലോകേഷിന്‍റെ മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മധുരയിൽ നിന്നുള്ള രാജാ മുരുകനാണു ഹർജി സമർപ്പിച്ചത്. 

ലിയോ സിനിമ കണ്ട തനിക്ക് സമ്മര്‍ദമുണ്ടായി.  ലോകേഷ് അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലിയോയിൽ കലാപം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അമിതവേ​ഗതയിൽ വാഹനങ്ങളോടിക്കുക തുടങ്ങിയ രംഗങ്ങൾ ഉണ്ടെന്നും പല കുറ്റകൃത്യങ്ങളും പൊലീസിന്റെ സഹായത്തോടെയാണ് ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു. ഇത് തെറ്റായ മാതൃകയാണ് സമൂഹത്തിന് നല്‍കുന്നതെന്നും ‌സെൻസർ ബോർഡ് ഉദ്യോ​ഗസ്ഥർ ഇത്തരം സിനിമകൾ ശരിയായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റുകയായിരുന്നു.