പെട്രോള്‍ പമ്പിലെ ശുചിമുറി തുറക്കാത്തതിന് പൊലീസിനെ വിളിക്കാമോ?. അങ്ങനത്തെ ഒരു വിളിയില്‍ പയ്യോളി പൊലീസ് എത്തി ബലമായി  ശുചിമുറി തുറന്നു കൊടുത്ത അനുഭവമാണ് പത്തനംതിട്ട ഏഴംകുളം സ്വദേശിനി അധ്യാപിക സി.എല്‍ ജയകുമാരിക്കുള്ളത്. പത്ത് മാസത്തിനിപ്പുറം പെട്രോള്‍ പമ്പിന് 1.65ലക്ഷം പിഴയും കിട്ടി. 

പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍.ജയകുമാരിയുടെ പരാതിയില്‍ ആണ് കോഴിക്കോട് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്.പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റേതാണ് വിധി.

പമ്പുകാരുടെ അഹങ്കാരത്തിന്‍റെ ചരിത്രം

2024മെയ് എട്ടിന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറിയത്. പെട്രോള്‍ അടിച്ചു കഴിഞ്ഞ് ശുചിമുറിയില്‍ ചെന്നപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍‌ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടില്‍‌ പോയി എന്നുമായിരുന്നു വിശദീകരണം.

ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പൊലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.

എന്തായാലും ജയകുമാരി പരാതി നല്‍കി. കമ്മിഷന്‍ രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍‌ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷം അടയ്ക്കണം. 

ENGLISH SUMMARY:

Kozhikode petrol pump fined Rs 1.65 lakh for not providing toilet to teacher