രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ വര്‍ധിപ്പിക്കാനെന്ന് പ്രതി. 24കാരനായ ഈമനി നവീനാണ് രശ്മികയുടെ ഡീപ് ഫേക്ക് വിഡിയോ കേസില്‍ ആന്ധ്രാപ്രദേശില്‍ നിന്നും അറസ്റ്റിലായത്. ഗുണ്ടൂര്‍ ജില്ലയിലെ പാലപ്പാരു സ്വദേശിയായ നവീന്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. ചെന്നൈയില്‍ ബിടെക് പൂര്‍ത്തിയാക്കിയ നവീന്‍ ഡിജിറ്റല്‍ മാര്‍ക്കറ്ററായി ജോലി ചെയ്യുകയാണ്.
കേസുമായി ബന്ധപ്പെട്ട് 500 അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണു നവീനിലേക്ക് പൊലീസിന്‍റെ പിടി വീഴുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ രശ്മികയുടെ ആരാധകനാണെന്നും അവരുടെ ഫാന്‍പേജ് കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രതി പറഞ്ഞു. രശ്മികയുടേത് കൂടാതെ മറ്റ് രണ്ട് സെലിബ്രിറ്റികളുടെ ഫാന്‍പേജും നവീന്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു വൈറലായെന്നും തന്‍റെ ഫോളോവേഴ്സില്‍ വലിയ വര്‍ധനവുണ്ടായെന്നും നവീന്‍ പറഞ്ഞു. 90,000ത്തില്‍ നിന്നിരുന്ന ഫോളോവേഴ്സ് രണ്ടാഴ്ച കൊണ്ട് 1.08 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ അപകടം മണത്തതോടെ താന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും അക്കൗണ്ടിന്‍റെ പേരു മാറ്റിയെന്നും നവീന്‍ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വിഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. വിഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നുമാണ് രശ്മിക പ്രതികരിച്ചത്. സംഭവം ഭയപ്പെടുത്തുന്നുവെന്നും സ്കൂളിലോ കോളേജിലോ ആണ് പഠിക്കുന്നതെങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ലെന്നും രശ്മിക പറഞ്ഞിരുന്നു. ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
The accused made and circulated Rashmika Mandana's deep fake video to increase followers