ജയറാമിന്‍റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തുവിട്ടു. മാജിക് മോഷൻ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു മിനിറ്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പാലക്കാട് സ്വദേശി നവനീത് ഗിരീഷാണ് മാളവികയുടെ പ്രതിശ്രുത വരന്‍. 2024 മെയ് മൂന്നിന് ഗുരുവായൂരില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. നടി അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്.
വിഡിയോയില്‍ മാളവികയും നവനീതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്നു. തന്‍റെ മുപ്പതുവര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് മറ്റാരോടും തോന്നാത്തൊരു അടുപ്പമാണ് മാളവികയോട് തോന്നിയത്. ഇതുവരെ ഇങ്ങനെയൊരു വ്യക്തി എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല, മാളവികയോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളാണ് വളരെയധികം സന്തോഷമാണെന്നും നവനീത് പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ശക്തവും ദൃഢവുമായിക്കൊണ്ടിരിക്കുന്നു. അവളോടൊപ്പം ചെയ്യുന്ന എല്ലാ കാര്യങ്ങളും കിറുകൃത്യമാണ്. അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പവിത്രമാണ്. അവളോട് എനിക്ക് തോന്നുന്ന വികാരം എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്, അവിടെയാണല്ലോ സ്നേഹമുണ്ടാകുന്നതെന്നും നവനീത് കൂട്ടിച്ചേര്‍ത്തു.
അച്ഛനും അമ്മയും സ്നേഹിക്കുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് വെറും ഒരു വിവാഹബന്ധം മാത്രമല്ല, മറിച്ച് മറ്റൊരാളില്‍ സൗഹൃദവും സ്നേഹവും കണ്ടെത്തലാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷമായാണ് എനിക്ക് നവനീതിനോട് ഇഷ്ടം തോന്നിയത്. ആ സ്നേഹം ഇന്ന് വിവാഹ നിശ്ചയത്തിലെത്തി നില്‍ക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം, ആ നിമിഷത്തിൽ ഞാൻ അലിഞ്ഞുചേരുകയായിരുന്നു. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ വിശ്വാസത്തോടെ ചിലത് ഏറ്റെടുക്കേണ്ട സമയം വരും. അങ്ങനെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാനെടുത്ത തീരുമാനമാണിത് എന്ന് മാളവിക പറയുന്നു.
Malavika Jayaram's Engagement video out now