ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദി സിനിമാവ്യവസായത്തേക്കാള്‍ മികച്ചതാണെന്ന് പറയുന്നത് ശരിയല്ലെന്ന് അമിതാഭ് ബച്ചന്‍.  മലയാളം, തമിഴ് സിനിമകളുടെ ആധികാരികതയെ പ്രശംസിച്ച ബച്ചന്‍ ഹിന്ദി സിനിമാവ്യവസായം മികച്ച നിലയിലാണെന്നും പറഞ്ഞു. പൂനെയില്‍ സിംബയോസിസ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ജയാ ബച്ചനൊപ്പമായിരുന്നു അദ്ദേഹം ഫിലിം ഫെസ്റ്റിവല്‍ വേദിയിലെത്തിയത്. 

 

ദക്ഷിണേന്ത്യന്‍ സിനിമാപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ മനസിലാവുന്നത് സമാനരീതിയിലുള്ള സിനിമകളാണ് അവര്‍ നിര്‍മിക്കുന്നതെന്നാണ്, വസ്ത്രവും രീതിയും മാറ്റും, അപ്പോള്‍ സിനിമ വളരെ മനോഹരമായി തോന്നുമെന്നും ബച്ചന്‍ പറയുന്നു. 

 

രാജ്യത്തിന്റെ ധാര്‍മികതയില്‍ വരുന്ന മാറ്റത്തിന് സിനിമ പലപ്പോഴും ഉത്തരവാദികളാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. സമൂഹത്തിന്റെ നിലപാടുകളും പ്രധാനമായും സിനിമയ്ക്ക് പ്രചോദനമാകാറുണ്ട്. സിനിമയില്‍ സാങ്കേതികമുന്നേറ്റത്തിന്റെ കാലമാണിതെന്നും ഈ മുന്നേറ്റത്തില്‍ ഗുണങ്ങളും ദോഷങ്ങളും വ്യക്തമാണെന്നും താരം പറയുന്നു. പഴയ കാലത്ത് ഫസ്റ്റ് ടേക്കില്‍ തന്നെ സീന്‍ കൃത്യമാക്കാന്‍ നിര്‍ബന്ധിതരായിരുന്നു, ഇല്ലെങ്കില്‍ ബജറ്റിനെ ബാധിക്കും, സാങ്കേതിക വിദ്യ വളര്‍ന്ന ഈ കാലത്ത് അത്തരം പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

പലപ്പോഴും സിനിമയും അണിയറക്കാരും പല തരത്തിലുള്ള വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. സമൂഹത്തിന്റെ ചിന്തയെ തെറ്റായ തരത്തില്‍ നയിക്കുന്നു എന്നതുള്‍പ്പെടെ പല സിനിമയുമായി ബന്ധപ്പെട്ടും കേള്‍ക്കാറുണ്ട്. പക്ഷേ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നുമാണ് നമ്മള്‍ സിനിമാകഥകള്‍ തയ്യാറാക്കുന്നത്. തന്റെ പിതാവ് ഹരിവംശ റായ് ബച്ചന്‍ അദ്ദേഹത്തിന്റെ അവസാന കാലത്ത് പല സിനിമകളും ആവര്‍ത്തിച്ചു കാണുന്നതും അദ്ദേഹത്തിന്റെ സിനിമാസ്നേഹത്തെക്കുറിച്ചും ബച്ചന്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. 

It is incorrect to say south indian cinema is doing better than hindi cinema, says Amitab Bachan