അനിമല്‍ സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരെ വിമര്‍ശിച്ച് നടിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്​ബു സുന്ദര്‍. അനിമല്‍ പോലെയൊരു സ്‌ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ് ഒാഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഖുശ്‌ബു പറഞ്ഞു. താന്‍ അനിമല്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ടിട്ട് തന്‍റെ മക്കള്‍ പറഞ്ഞത് അത് കാണരുതെന്നാണെന്നും ഒരു ദേശീയ മാധ്യമത്തിന്‍റെ കോണ്‍ക്ലേവില്‍ പങ്കെടുക്കവേ ഖുശ്​ബു പറഞ്ഞു. 

'അനിമല്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ദേശീയ വനിത കമ്മീഷന്‍ അംഗം എന്ന നിലയില്‍ പീഡനത്തിന്‍റെയും ഗാര്‍ഹിക ബലാത്സംഗത്തിന്‍റെയും നിയമ വിരുദ്ധമാണെങ്കിലും മുത്തലാഖിന്‍റേയും നിരവധി കേസുകള്‍ കണ്ടിട്ടുണ്ട്. അനിമല്‍ പോലെയൊരു സ്‌ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ് ഒാഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. കബീര്‍ സിങ്, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളില്‍ നമുക്ക് പ്രശ്​നങ്ങളുണ്ട്. എന്നാല്‍ സംവിധായകനെ ഞാന്‍ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കുണ്ടാവുന്ന വിജയമാണ് പ്രശ്​നം. സമൂഹത്തില്‍ എന്ത് നടക്കുന്നു എന്നാണ് സിനിമയില്‍ കാണിക്കുന്നത്. എന്‍റെ മക്കള്‍ ഈ സിനിമ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്നാല്‍ ഈ സിനിമ എന്താണെന്ന് അറിയണമെന്നുള്ളതുകൊണ്ട് അവര്‍ അത് കണ്ടു. അതിനു ശേഷം അവര്‍ എന്നോട് പറ​ഞ്ഞത്, അമ്മാ, ഈ സിനിമ കാണരുതെന്നാണ്. ഇതുപോലെയുള്ള സിനിമകള്‍ക്ക് ആവര്‍ത്തിച്ച് പ്രേക്ഷകരുണ്ടാകുമ്പോള്‍ നാം എങ്ങോട്ടാണ് പോകുന്നത്,' ഖുശ്​ബു പറഞ്ഞു. 

Khushbu Sundar criticized the audience for the success of Animal movie