കേരളത്തില്‍ 2024 ലെ ആദ്യ ബംപര്‍ഹിറ്റായ പ്രേമലു ഏറ്റെടുത്ത് സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ റൊമാന്‍റിക്–കോമഡി ചിത്രം തെലുങ്കിലേക്കും മാറുകയാണ്. ഇതിഹാസ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് ഏറ്റെടുത്തിരിക്കുന്നത്.

 

ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടുകൂടിയ മലയാളം പതിപ്പിന് ഹൈദരാബാദിൽ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തുന്നത്. തെലുങ്ക് ഡബ്ബിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവരാത്രിയോടടുത്ത്, മാർച്ച് 8 ന് പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തും.

 

പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയർന്ന കലക്‌ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറിയിരുന്നു. അന്‍പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലുവിന്‍റെ തെലുങ്ക് ഡബ്ബ്ഡ് വേർഷൻ കൂടി എത്തുന്നതോടെ ചിത്രം റെക്കോഡ് കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. നസ്‌ലിൻ ഗഫൂർ, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ്‌ എ.ഡിയാണ്.

 

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമ്മിച്ചിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

SS Rajamouli’s son acquires Telugu dubbing rights of Premalu