സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നതിനെതിരേയും പ്രചരിപ്പിക്കുന്നതിനെതിരേയും നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുതെന്ന അപേക്ഷയുമായി ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മാര്‍ക്കോയുടെ അടക്കം വ്യാജപതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ കൈകൂപ്പിയുള്ള അപേക്ഷ.
‘ദയവുചെയ്ത് സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്, ഞങ്ങള്‍ നിസഹായരാണ്, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിത്, നിസഹായതയാണ് എനിക്കും അനുഭവപ്പെടുന്നത്, സിനിമകളുടെ വ്യാജപതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യില്ലെന്നും കാണില്ലെന്നും നിശ്ചയിച്ചാല്‍ മാത്രമേ ഇത് അവസാനിപ്പിക്കാനാകുള്ളൂ, ഇനി നിങ്ങള്‍ക്കു മാത്രമേ ഇത് അവസാനിപ്പിക്കാനാകൂ’വെന്നും താരം തന്റെ പോസ്റ്റിലൂടെ പറയുന്നു. കൈകൂപ്പി അപേക്ഷ പോലെയാണ് ഉണ്ണിയുടെ പോസ്റ്റ്.
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശിയായ 21 കാരൻ പിടിയിലായിരുന്നു. അക്വിബ് ഹനാനെ ആണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാര്‍ക്കോയുടെ വ്യാജപതിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചത്. ഇന്‍സ്റ്റഗ്രാമിനു പുറമേ ടെലഗ്രാം ആണ് ഇത്തരത്തിലുള്ള വ്യാജപതിപ്പുകളുടെ പ്രധാന കേന്ദ്രം. റിലീസ് ദിവസം തന്നെ പല ചിത്രങ്ങളും ടെലഗ്രാമിലെത്തിയതായി നേരത്തേ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. മാര്‍കോയുടെ ടെലഗ്രാം ലിങ്ക് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അക്വിബ്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു വലിയതോതിലുള്ള പ്രതികരണവും പിന്തുണയുമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. വലിയ സ്ക്രീനില്‍ കാണേണ്ട ചിത്രങ്ങള്‍ ചെറിയ സ്ക്രീനില്‍ കാണുന്നവര്‍ മണ്ടന്‍മാരാണെന്നും എല്ലാവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുന്നുണ്ട്. സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുള്‍പ്പടെ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം വലിയ സാമ്പത്തിക നഷ്ടമാണ് പൈറസിയിലൂടെ ഉണ്ടാവുന്നത്. വര്‍ഷങ്ങളെടുത്ത് നടത്തുന്ന ഒരുകൂട്ടം മനുഷ്യരുടെ അധ്വാനം ഒരൊറ്റ ക്ലിക്കിലൂടെ ഇല്ലാതാക്കുന്ന സാഹചര്യമാണ് വ്യാജപതിപ്പ് പ്രചരണത്തിലൂടെ ഉണ്ടാവുന്നത്. പിഴയും തടവുശിക്ഷയും ഉള്‍പ്പെടെ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ് പൈറസി കേസ്.