മഞ്ഞുമ്മല്‍ ബോയ്സ് തെന്നിന്ത്യയിലടക്കം അടക്കം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സുഭാഷ് കുഴിയില്‍ വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു സംഭവം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി സംവിധായകന്‍ ചിദംബരം. ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് യഥാര്‍ഥത്തില്‍ നടന്ന ആ സംഭവം ഒഴിവാക്കിയതെന്നും ചിദംബരം പറയുന്നു.

 

സുഭാഷ് കുഴിയിൽ വീണപ്പോൾ സുഭാഷിനെ താങ്ങി നിർത്തിയത് അനുജന്റെ ബെൽറ്റ് ആയിരുന്നു. സുഭാഷ് കൊടൈക്കനാൽ യാത്രയ്ക്കു പോകുമ്പോൾ അനുജന്റെ ബെൽറ്റ് എടുത്തുകൊണ്ടുപോകുന്ന രംഗം സിനിമയിലും ഉണ്ട്. യഥാര്‍ഥ സംഭവത്തില്‍ സുഭാഷ് കുഴിയിലേക്ക് വീണപ്പോള്‍ ബെൽറ്റ് എവിടെയോ കുരുങ്ങുകയായിരുന്നു. ഇതുകാരണമാണ് സുഭാഷ് കൂടുതല്‍ താഴ്ചയിലേക്ക് പോകാതിരുന്നത്. വീഴ്ചയില്‍ സുഭാഷിന് മരണം സംഭവിക്കാതിരിക്കാന്‍ കാരണമായതും ഇതാണെന്ന് സംവിധായകന്‍ ചിദംബംരം പറയുന്നു.

 

എന്നാല്‍ യഥാര്‍ഥ സംഭവം എന്തുകൊണ്ട് സിനിമയില്‍ വന്നില്ല? അനുജന്റെ ബെൽറ്റ് എടുത്തുകൊണ്ടുപോകുന്ന രംഗം സിനിമയിലുണ്ടെങ്കിലും ബെൽറ്റ് കുരുങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായതുകാരണമാണ് സിനിമയില്‍ നിന്ന് ആ രംഗം ഒഴിവാക്കിയത്. ‘യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് അനുജന്റെ ബെൽറ്റ് എടുക്കുകയും അനുജൻ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതൊക്കെ യഥാർഥ സംഭവത്തിലും അങ്ങനെത്തന്നെയാണ്. സുഭാഷ് താഴേക്കു വീണപ്പോള്‍ ബെല്‍റ്റ് എവിടെയോ ഉടക്കി. ആ ബെല്‍റ്റാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. പക്ഷേ അത് സിനിമയില്‍ കാണിക്കാൻ സാധിച്ചില്ല. അതു ചിത്രീകരിക്കണമെങ്കിൽ ബെല്‍റ്റിന്റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എടുക്കുന്നത് സങ്കീർണമായതിനാൽ ഒഴിവാക്കുകയായിരുന്നു’, ചിദംബരം ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ  പറഞ്ഞു.

 

സിനിമയിൽ കാണിച്ചതും യഥാര്‍ഥത്തില്‍ നടന്നതും എല്ലാം ഒന്നു തന്നെയാണ്. സുഭാഷ് കുഴിയിലേക്ക് വീണ സമയവും സിനിമയില്‍ അങ്ങനെതന്നെ കാണിച്ചുണ്ട്. രാത്രി 7 മണിയോടെ ആണ് സുഭാഷിനെ പുറത്തെടുക്കുന്നത്. അന്ന് മഴ പെയ്തില്ലെങ്കിൽ കുറച്ചുകൂടി അപകടകരമാവുമായിരുന്നു അവസ്ഥ. മഴവെള്ളം അകത്ത് ചെന്നതാണ് കുഴിയിലെ ഓക്സിജന്റെ അളവ് കൂടാൻ കാരണമായത്. ബാലു വർഗീസിന്‍റെ സിക്സൺ എന്ന കഥാപാത്രം ജീവിതത്തിലും ഉറക്കെ സംസാരിക്കുന്ന ആളാണെ്. സിക്സന്റെ ശബ്ദമാണ് വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട സുഭാഷിനെ ഉണർത്തിയത്. മെറ്റൽ ഫാക്ടറിയിലാണ് സിക്സന്‍റെ ജോലി. ജോലി സ്ഥലത്ത് ഉച്ചത്തിൽ സംസാരിച്ചാണ് അത് ശീലമായത്. അതും സുഭാഷിന് തുണയായി. ഒരർഥത്തിൽ പ്രകൃതിയും ദൈവവും പ്രപഞ്ചവുമൊക്കെ സുഭാഷിനെ രക്ഷിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു, ചിദംബരം പറയുന്നു.

Chidambaram reveals the real scene which not included in Manjummel Boys film.