ranjith-ambady

ആട്ജീവിതത്തില്‍ നിങ്ങള്‍ക്ക് പൃഥ്വിരാജെന്ന നടനെ കാണാനാവില്ല, നജീബെന്ന വ്യക്തിയെ മാത്രമേ കാണാനാകൂ– പ്രമോഷന്‍ ചടങ്ങിനിടെ പൃഥ്വിരാജിന്റെ വാക്കുകളായിരുന്നു ഇത്. കണ്ടാല്‍പ്പോലും തിരിച്ചറിയാത്ത രൂപത്തിലേക്ക് താരത്തെ മാറ്റിയെടുത്ത ആ കൈകള്‍ രഞ്ജിത്ത് അമ്പാടിയെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റേതായിരുന്നു . 

 

വെല്ലുവിളികള്‍ നിറഞ്ഞ രൂപമാറ്റം

 

പെട്ടെന്നുള്ള ഒരു മാറ്റമായിരുന്നില്ല. പൃഥ്വിയുടേയും സംവിധായകന്‍ ബ്ലസിയുടേയും പതിനാറു വര്‍ഷത്തെ യാത്രയില്‍ ഞാനുമുണ്ടായിരുന്നു. 2004 മുതല്‍ ബ്ലസിയുടെ എല്ലാ സിനിമകളിലും ഞാനായിരുന്നു മേക്കപ്പ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മനസ് വായിക്കാന്‍ എനിക്കു സാധിക്കും.  ഭ്രമരം മുതല്‍ക്കേ ചര്‍ച്ച തുടങ്ങിയിരുന്നു. അന്നു തന്നെ നജീബിന്റെ രൂപം മനസില്‍ രൂപപ്പെടാന്‍ തുടങ്ങി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധരെയായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയത്. പൃഥ്വിയെ പല വിധത്തില്‍ സ്കെച്ച് ചെയ്തു. യഥാര്‍ഥ നജീബിന്റെ ദുരിതകാലത്തെ ചിത്രം ആരും കണ്ടിട്ടില്ല. ആളുകള്‍ നോവലില്‍ വായിച്ചെടുത്ത നജീബിനെ മതിയെന്നായിരുന്നു സംവിധായകന്റെ തീരുമാനം. 

 

എന്തുകൊണ്ട് പൃഥ്വി 

 

തുടക്കത്തില്‍ ചില തമിഴ് നടന്‍മാരെ സമീപിച്ചിരുന്നു. വിക്രം, സൂര്യ എന്നിവരുമായി സംസാരിച്ചിരുന്നു. നീണ്ട ഷെഡ്യൂളാണ് ഇവര്‍ ബുദ്ധിമുട്ടായി പറഞ്ഞത്. ഒടുവില്‍ ഈ കഥാപാത്രത്തിനു എല്ലാംകൊണ്ടും അനുയോജ്യന്‍ പൃഥ്വി തന്നെയാണ് ബ്ലസി തിരിച്ചറിഞ്ഞു. 

 

ലൊക്കേഷന്‍

 

ഒരുപാട് കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതെല്ലാം മധുരിക്കുന്ന ഓര്‍മകളാണ്. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അപ്പുറം സ്വാതന്ത്ര്യം കിട്ടിയ സിനിമ കൂടിയാണ് ആട്ജീവിതം. പലപ്പോഴും പൃഥ്വിയുടെ രംഗങ്ങള്‍ എന്റെ അഭിപ്രായം മാനിച്ച് റീടേക്കെടുത്തു.