മലയാളി ആവശ്യത്തിൽ കൂടുതൽ പരിഹസിക്കുകയും കളിയാക്കുകയും കുടുംബത്തെയടക്കം ട്രോളുകയും ചെയ്ത കാലം. വര്‍ഷങ്ങള്‍ക്കു ശേഷം ആ ചെറുപ്പക്കാരന്റെ പേര് സ്ക്രീനിൽ തെളിയുന്നു, പൃഥ്വിരാജ് സുകുമാരന്‍. പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു, ആരാധനയോടെ സംസാരിക്കുന്നു. അയാൾ സംവിധാനം ചെയ്ത സിനിമകള്‍ തിയറ്ററുകളെ ഞെട്ടിച്ചു പണം വാരുന്നു. പൃഥ്വിരാജ് എന്ന നടൻ സിനിമയുടെ മറ്റൊരു മാജിക്ക് കാണിച്ചു തന്നു.
2001 ല്‍ സംവിധായകന്‍ ഫാസില്‍ തന്റെ ഒരു സിനിമയ്ക്കായി കഥാപാത്രത്തെ തേടുന്ന സമയം. ഓസ്ട്രേലിയയില്‍ പഠിച്ചിരുന്ന പൃഥ്വി അവധിയ്ക്കു നാട്ടിലുണ്ടായിരുന്നു. ഓഡിഷനു പൃഥ്വിരാജും എത്തി. എന്തുകൊണ്ടോ പ്രോജക്ട് നടന്നില്ല. പിന്നീട് സംവിധായകന്‍ രഞ്ജിത്ത് തന്റെ നന്ദനം എന്ന സിനിമയില്‍ നായകനെ അന്വേഷിച്ചു നടക്കുകയാണ്. എത്ര കൂട്ടിക്കിഴിച്ചിട്ടും രഞ്ജിത്തിനു സംതൃപ്തി ലഭിക്കുന്ന ഒരാളെ കണ്ടുപിടിക്കാനായില്ല. അങ്ങനെ ഫാസിലിന്റെ സഹായം തേടുന്നു. അദ്ദേഹമാണ് പൃഥ്വിയുടെ കാര്യം സൂചിപ്പിക്കുന്നത്. പൃഥ്വി രഞ്ജിത്തിന്റെ വീട്ടിലെത്തുന്നു. വാതില്‍ തുറന്ന് പൃഥ്വിയെ കണ്ട രഞ്ജിത്തിനു താന്‍ അന്വേഷിച്ച നായകന്‍ ഇതാണെന്നു തിരിച്ചറിയാന്‍ ഒരു നിമിഷം പോലും വേണ്ടിവന്നില്ല. അങ്ങനെ 2002 ല്‍ നന്ദനത്തില്‍ നായകനായി അരങ്ങേറ്റം. പക്ഷെ ആദ്യം തിയറ്ററിലെത്തിയത് നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍സ് എന്നീ സിനിമകളായിരുന്നു. ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും നന്ദനത്തിന്റെ തരംഗം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു തുടക്കം മാത്രമായിരുന്നു.
ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ രണ്ടാമതൊരു സിനിമയ്ക്ക് അവസരം കിട്ടുമോയെന്നു പോലും പൃഥ്വിരാജിനു ഉറപ്പില്ലായിരുന്നു. അവധിക്കു നാട്ടിലെത്തിയപ്പോൾ സമയം കളയാന്‍ അഭിനയിക്കുന്നുവെന്ന തോന്നലാണ് അന്നുണ്ടായിരുന്നത്. എങ്ങനെയെങ്കിലും തിരികെ പോയി പഠിത്തം തുടരണമെന്ന ചിന്തയായിരുന്നു മനസില്‍. പക്ഷെ ‘വെള്ളിത്തിര’യിൽ അഭിനയിക്കുമ്പോഴാണ് ഇനിയുള്ള ജീവിതം സിനിമയിലാണെന്നും ഇതാണ് തന്റെ പാതയെന്നും ബോധ്യപ്പെട്ടത്. അഭിനയത്തെ ഗൗരവത്തോടെ കാണാന്‍ തീരുമാനിച്ചു. പിന്നെ മലയാള സിനിമ കണ്ടത് പൃഥ്വിരാജെന്ന നടനിലെ പുതിയ മുഖങ്ങള്‍.
മലയാള സിനിമയില്‍ തന്റെ സിംഹാസനം ഉറപ്പിക്കുന്നതായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങള്‍. കയറ്റങ്ങളും ഇറക്കങ്ങളുമായി ക്യാമറയ്ക്കു മുന്നില്‍ പൃഥ്വിയെന്ന നടന്‍ വളര്‍ന്നു കൊണ്ടേയിരുന്നു . ന്യൂജനറേഷന്‍ മാത്രമല്ല, പഴയ തലമുറയും ഈ താരത്തിന്റെ ആരാധകരായി. സ്വപ്നക്കൂട്, അമ്മക്കിളിക്കൂട്, അനന്തഭദ്രം, വര്‍ഗം, ക്ലാസ്മേറ്റ്സ്, അദ്ഭുതദ്വീപ്, വാസ്തവം, കാക്കി, ചോക്കലേറ്റ്, തിരക്കഥ, പുതിയ മുഖം, റോബിന്‍ഹുഡ്, താന്തോന്നി, പോക്കിരി രാജ, രാവണന്‍, അന്‍വര്‍, ഉറുമി, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, മാസ്റ്റേഴ്സ്, സിംഹാസനം, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, പിക്കറ്റ് 43, എന്നു നിന്റെ മൊയ്തീന്‍, പാവാട, എസ്ര, ആദം ജോണ്‍, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും, ബ്രോ ഡാഡി, ജനഗണ മന, കടുവ, കാപ്പ .. ലിസ്റ്റ് നീണ്ടതാണ്. പലതും ഹിറ്റുകള്‍. ഒരിക്കലും ടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ ഈ നടന്‍ പ്രത്യേകം ശ്രദ്ധിച്ചു. കോമഡിയും നൃത്തവും പൊലീസ് റോളുകളും വഴങ്ങുമെന്നു പല തവണ തെളിയിച്ചു. പിന്നണിഗായനായും തിളങ്ങി. 2009 ല്‍ പുറത്തിറങ്ങിയ പുതിയ മുഖത്തിലെ പ്രകടനം മലയാള സിനിമയിലെ ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നല്‍കി. ആ പ്രവചനം തെറ്റിയില്ല.
22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പൃഥ്വിരാജെന്ന നടന്‍ തന്നിലെ പ്രതിഭയെ സ്വയം രാകി മിനുക്കിക്കൊണ്ടിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. പുരസ്കാരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തേടിയെത്തി. രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടന്‍ കൂടിയായിരുന്നു പൃഥ്വി.
പതുക്കെ പൃഥ്വിയുടെ സിനിമകള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ പുറത്തേക്ക് റോളിങ് തുടങ്ങി. പതുക്കെ പൃഥ്വിയുടെ സിനിമകള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ പുറത്തേക്ക് റോളിങ് തുടങ്ങി. അതിർത്തികൾ മാറ്റിവരച്ച് സിനിമാലോകത്ത് തന്റെ സാമ്രാജ്യം തീർക്കാനിറങ്ങിയ പൃഥ്വിരാജിന്റെ പ്രകടനത്തിൽ മലയാളികള്‍ അഭിമാനിച്ചു.
2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തു അരങ്ങേറ്റം. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രം. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം. അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്തു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് രണ്ടാമത്തെ ഹിന്ദി ചിത്രം. മണി രത്നം ചിത്രം രാവണ്‍, അടിമുടി മാസ് ആക്ഷൻ രംഗങ്ങള്‍ നിറഞ്ഞ സലാര്‍.. നന്ദനത്തിലെ പതിനെട്ടുകാരനായ മനു നന്ദകുമാറെന്ന നടനില്‍ നിന്നും ഒരു പാന്‍ ഇന്ത്യന്‍ താരമായി പൃഥ്വിരാജ് സുകുമാരന്‍ വളര്‍ന്നു . കഥാപാത്രത്തിന്റെ പൂര്‍ണതക്കായി എന്തു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറായി. പരീക്ഷണങ്ങള്‍ അഭിനയത്തില്‍ മാത്രമല്ല സ്വന്തം ശരീരത്തിലും വരുത്താന്‍ ചങ്കൂറ്റം കാണിച്ചു. സെല്ലുലോയ്ഡ്, ആട് ജീവീതം തുടങ്ങിയ സിനിമകള്‍ ഉദാഹരണം.
ലൂസിഫര്‍ സിനിമയുടെ തിരക്കഥ വായിച്ച് കഴിഞ്ഞ് മോഹന്‍ലാന്‍ എഴുന്നേറ്റ് ഒരു വാചകമേ പറഞ്ഞുള്ളു. ‘മോനേ നമുക്കിത് ഉടൻ ചെയ്യാം’. പൃഥ്വിരാജെന്ന നടനില്‍ ഉറങ്ങിക്കിടന്ന സംവിധായകന്റെ സ്പാര്‍ക് തൊട്ടറിയാന്‍ മോഹന്‍ലാലെന്ന താരത്തിനു അധികം സമയം വേണ്ടി വന്നില്ല. പ്രേക്ഷകര്‍ക്കും.
ക്യാമറയ്ക്കു മുന്നില്‍ തകര്‍ത്താടുമ്പോഴും ആരോടും പറയാത്ത മോഹം ഉള്ളില്‍ വളര്‍ന്നു കൊണ്ടിരുന്നു. പൃഥ്വിയുടെ ഒരു കണ്ണ് എപ്പോഴും ക്യാമറയ്ക്കു പിറകിലായിരുന്നു. കുട്ടിക്കാലം മുതൽ മനസ്സിലുള്ള സംവിധാനമെന്ന തീവ്രമായൊരു ആഗ്രഹം. സന്തോഷ് ശിവൻ, എസ്.കുമാർ, അഴകപ്പൻ തുടങ്ങിയ ക്യാമറാമാന്മാരോടു തുടർച്ചയായി സംശയങ്ങൾ ചോദിച്ചു പൃഥ്വി അവരെ ബുദ്ധിമുട്ടിച്ചു. ഐ.വി.ശശിയുമായി ദിവസങ്ങളോളം ആശയവിനിമയം നടത്തി. പല സംവിധായകര്‍ക്കും ക്യാമറമാന്‍മാര്‍ക്കു താനൊരു ശല്യമായിട്ടുണ്ടെന്നു പൃഥ്വി തമാശരൂപേണ പറഞ്ഞിട്ടുണ്ട്. കഠിനാധ്വാനവും വേറിട്ട പാതകള്‍ വെട്ടിത്തെളിക്കണമെന്ന മോഹവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഈ ചെറുപ്പക്കാരനു സംവിധാനമെന്ന ലക്ഷ്യം സാധിക്കാതെ എവിടെപ്പോകാന്‍. മലയാളത്തിന്റെ മെഗാതാരത്തെ നായകനാക്കി കന്നി സംവിധാനസംരഭം. 2019 - ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലർ ചിത്രം ലൂസിഫര്‍ 200-കോടി കലക്ഷന്‍ നേടി. രണ്ടാം ഭാഗം എമ്പുരാനായി കാത്തിരിപ്പ് തുടരുന്നു. രണ്ടു തവണയാണ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തത്. ലൂസിഫറും, ബ്രോ ഡാഡിയും. അടുത്തത് എമ്പുരാന്‍. അങ്ങനെ അഭിനയം, സംവിധാനം, നിര്‍മാണം കൈവെച്ച മേഖലകളിലെല്ലാം വിജയം.
പൃഥ്വിയെ ജനം പലതരം കണ്ണടകളിലൂടെയാണു കണ്ടിരുന്നത്. വേട്ടയാടലുകളും ട്രോളുകളും ഈ നടന്റെ പ്രതിഭയ്ക്കു മുന്നില്‍ ഔട്ട് ഓഫ് ഫ്രെയിം ആയി . തന്റെ മനസ്സിലെ കല സത്യസന്ധമായിരുന്നു എന്നു പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. കലയില്‍ ഒരു മാജിക്കുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം മറക്കും- പൃഥ്വി ഒരിക്കല്‍ പറഞ്ഞു.
സ്ക്രീനില്‍ മാത്രമല്ല, പുറത്തും പൃഥ്വിയുടെ നിലപാടുകള്‍ക്കു കരുത്തേറെയായിരുന്നു. രാത്രിയുടെ മറവിൽ കാറിൽ ഗുണ്ടകളുടെ കൈക്കരുത്തിനെ സ്വന്തം ആത്മാഭിമാനം കൊണ്ട് അതിജീവിച്ച പെൺകുട്ടിയോട് പൃഥ്വിരാജ് പറഞ്ഞു, ‘ജീവിതകാലം മുഴുവൻ ഞാൻ നിന്റെ ആരാധകനായിരിക്കും. സ്ത്രീകളെ അടിച്ചമർത്തുന്ന സന്ദേശം നൽകുന്ന വേഷങ്ങൾ ഇനി ചെയ്യുകയുമില്ല.’ ആ നടിക്കു കിട്ടിയ മനോഹരമായ ആശ്വാസവാക്കുകളിൽ ഒന്ന് ഇതായിരിക്കും. യുദ്ധം നന്മയും തിന്മയും തമ്മിലല്ല. തിന്മയും തിന്മയും തമ്മിലാണ് . സ്റ്റീഫൻ നെടുമ്പളളിയുടെ മാസ് ഡയലോഗ് പൃഥ്വിയ്ക്കായി ഒന്നു മാറ്റിയെഴുതാം. പൃഥ്വിരാജിന്റെ യുദ്ധം പൃഥ്വിരാജുമായി തന്നെയാണ്. 40 വയസ്സിനു ശേഷം ആയിരിക്കും തന്റെ കരിയറിലെ ഏറ്റവും interesting phase എന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്. ആ interesting phase ന്റെ തുടക്കം ആകട്ടെ ആടുജീവിതം . പ്രേമലുവും മഞ്ഞുമ്മലും നിർത്തിയിടത്ത് നിന്ന് ആടുജീവിതം തുടങ്ങുന്നു. ചുണ്ടിന്റെ വലതുകോണിൽ തന്റേടവും ആത്മവിശ്വാസവും കലർന്ന ഒരു ചിരിയുമായി പൃഥ്വി തന്റെ തേരോട്ടത്തിനു കട്ട് പറയുന്നില്ല. ആക്ഷന്‍, ഒണ്‍ലി ആക്ഷന്‍.