വര്‍ഷം 2019, അറ്റ്ലാന്‍റയിലെ ടൈലര്‍ പെറി സ്‌റ്റുഡിയോ ആണ് വേദി. വേദിയില്‍ വിശ്വസുന്ദരി മത്സരം നടക്കുകയാണ്. സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിക്കുന്ന സോസിബിനി തുന്‍സി സധൈര്യം വേദിയിലേക്ക് നടന്നു കയറുകയാണ്, മൈക്കിന് മുന്നില്‍ വന്ന് അവര്‍ ഇപ്രകാരം പറഞ്ഞു. 'എന്നെ പോലെയിരിക്കുന്ന സ്ത്രീകളുടെ ലോകത്താണ് ഞാന്‍ വളര്‍ന്നത്, അവര്‍ക്ക് എന്‍റേത് പോലെയുള്ള തൊലിയാണ്, എന്‍റേത് പോലെയുള്ള മുടിയാണ്. ഇവയൊന്നും ഒരിക്കലും സൗന്ദര്യത്തിന്‍റെ ഘടകങ്ങളായി പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നത് അവസാനിക്കണം. കുട്ടികള്‍ എന്‍റെ മുഖത്ത് നോക്കി അതില്‍ അവരുടെ മുഖം തന്നെ പ്രതിധ്വനിക്കുന്നത് കാണണം, നന്ദി,' നിറഞ്ഞ കയ്യടികളോടെയാണ് സോസിബിനിയുടെ വാക്കുകള്‍ വേദി സ്വാഗതം ചെയ്തത്. ആ വര്‍ഷം സോസിബിനി വിശ്വസുന്ദരി കിരീടം ചൂടി. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമത്സരത്തിന് സമ്മാനം കിട്ടിയിട്ടുണ്ടോ എന്ന സത്യഭാമയുടെ ചോദ്യം ഉയര്‍ന്നതിന് പിന്നാലെ സോഷ്യല്‍ വാളുകളില്‍ ഏറ്റവുമധികം നിറഞ്ഞത് സോസിബിനി തുന്‍സിയായിരുന്നു. സൗന്ദര്യത്തിന്‍റെ പേരില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയല്ല സോസിബിനി. അതിനും മുമ്പ് എത്രയോ കറുത്ത സുന്ദരികള്‍ ഒന്നാമതെത്തി. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ഒരു വിഭാഗത്തിന് കറുത്ത രൂപങ്ങള്‍ സുന്ദരമല്ല. രൂപത്തിന്‍റെ പേരില്‍ ഇന്നും തമാശകളും അധിക്ഷേപങ്ങളും കേള്‍ക്കുന്നവര്‍ നിരവധിയാണ്.
സമൂഹത്തിന്‍റെ പ്രതിഫലനാണ് സിനിമ. അതാത് കാലത്ത് ഒാരോ സമൂഹവും പിന്തുടരുന്ന സംസ്കാരവും ആദര്‍ശങ്ങളും തന്നെയാവും സിനിമിയിലും പ്രതിധ്വനിക്കുക. വംശീയതയും സ്ത്രീ വിരുദ്ധതയും ബോഡി ഷെയ്മിങ്ങും മലയാള സിനിമയില്‍ തമാശകളല്ലാതായിട്ട് അധികം നാളായിട്ടില്ല. കറുത്തവരേയും തടിച്ചവരേയും മെലിഞ്ഞവരേയും പല്ലുന്തിയവരേയുമൊക്കെ കളിയാക്കുന്നതായിരുന്നു നമ്മുടെ തമാശകള്‍. ഇപ്പോള്‍ എല്ലാവരും പിന്തുണ പ്രഖ്യാപിച്ച ആര്‍എല്‍വി രാമകൃഷ്ണന്റെ സഹോദരന്‍ മണി തന്നെയാണ് അന്നത്തെ മലയാള സിനിമയില്‍ ഏറ്റവുമധികം ബോഡി ഷെയ്മിങ് ജോക്കുകള്‍ക്ക് ഇരയായ കലാകാരന്‍മാരില്‍ ഒരാള്‍ എന്നതും മറ്റൊരു യാദൃശ്ചികത.
വിനായകനെ കരിംഭൂതമെന്നും ഇന്ദ്രന്‍സിനെ കുടക്കമ്പി എന്നും വിളിക്കുന്നതുമായിരുന്നു അക്കാലത്തെ കോമഡികള്‍. 'രസികനി'ലെ നായികയുടെ അച്ഛനായ മാള അരവിന്ദനെ സിനിമയില്‍ പറയുന്നത് ചൊറിയണം തേച്ച പോലത്തെ തന്ത എന്നാണ്. വിനായകനെ പോലെ കറുത്തവരെ കണ്ടാല്‍ പ്രേതത്തെ കണ്ടതുപോലെ പേടിക്കണം എന്നതാണ് 'ചതിക്കാത്ത ചന്തു'വിലെ തമാശ. അതേ രംഗത്ത് തന്നെ അയാളെ കരിംഭൂതമെന്നും വിളിക്കുന്നുണ്ട്. കറുത്ത് കരിമന്തി പോലെ ഇരിക്കുന്നവന്‍ എന്നാണ് വിനായകനെ 'ബാച്ചിലര്‍ പാര്‍ട്ടി'യില്‍ വിശേഷിപ്പിച്ചത്. 'കോബ്ര'യില്‍ വിവാഹം മുടങ്ങിയ സങ്കടത്തിലിരിക്കുന്ന ലാലിനെ കരി സാറെ എന്ന് വിളിച്ച് സലിം കുമാര്‍ ആശ്വസിപ്പിക്കുന്നത്, കരിഞ്ഞുപോയ സാറിന് ഏതെങ്കിലും ഒരു കൂതറ പെണ്ണിനെ കിട്ടും എന്ന് പറഞ്ഞാണ്. 'ആക്ഷന്‍ ഹീറോ ബിജു'വിലെ നായകന്‍ കറുത്ത, തടിച്ച സ്ത്രീയെ ചൂണ്ടിക്കാണിച്ച് ചോദിച്ചത് ഇതേപോലത്തെ ഒരു സാധനത്തെ പ്രേമിച്ചതെന്തിനാണ് എന്നാണ്. ഉദാഹരണങ്ങള്‍ തുടര്‍ന്നാല്‍ തീരില്ല.
ഈ ഇടുങ്ങിയ ലോകത്ത് നിന്നും പതുക്കെ മലയാള സിനിമ മുന്നേറി, കറുത്തവരും തടിച്ചവരും കളിയാക്കപ്പെടാനുള്ളവരല്ല എന്ന തിരിച്ചറിവുണ്ടായി, കലയുടെയും കഴിവിന്‍റെയും സൗന്ദര്യത്തിന്‍റെയും പുതിയ തുറകളിലേക്ക് നാം വികസിച്ചു. ആഷിഖ് അബു ഒരു തടിയനെ നായകനാക്കി. രാജീവ് രവി കമ്മട്ടിപ്പാടത്തെ കറുത്തവരുടെ കഥ പറഞ്ഞു. കറുത്ത നായികയെ പ്രേമിക്കുന്ന വെളുത്ത നായകനേയും 'കമ്മട്ടിപ്പാട'ത്തില്‍ കണ്ടു. പരമ്പരാഗത സൗന്ദര്യ സങ്കല്‍പങ്ങളുടെ അളവുകളില്‍ കൊള്ളാത്ത വിനായകന്‍റെ മാസ് രംഗങ്ങള്‍ കണ്ട് തിയേറ്ററുകള്‍ കയ്യടിച്ചു. ബോഡി ഷെയ്മിങ് തമാശയല്ലെന്ന് പറഞ്ഞുവച്ചു 'തമാശ'. കുമ്പളങ്ങി നൈറ്റ്സി'ല്‍ കറുത്ത കഥാപാത്രത്തെ പ്രേമിക്കുന്ന പെണ്‍കുട്ടിയോട് ബാഹ്യ സൗന്ദര്യത്തില്‍ വിശ്വാസമില്ലേ എന്ന് ചോദിക്കുന്നുണ്ട് ഷെയ്ന്‍ നിഗം അവതരിപ്പിച്ച ബോബി. ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് തന്‍റെ കാമുകനെ കാണാന്‍ വിനായകനെ പോലെയില്ലേ എന്നാണ് ആ പെണ്‍കുട്ടി തിരിച്ചു ചോദിക്കുന്നത്.
ഒരേയിടത്ത് മാത്രം ഒതുങ്ങിനില്‍ക്കുമ്പോഴുള്ള ഏകശിലാത്മകതയില്‍ നിന്നും വൈവിധ്യങ്ങളുടെ സര്‍ഗാത്മക ലോകത്തേക്കാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മലയാള സിനിമ സഞ്ചരിച്ചത്. ഇതിനിടെ തെറ്റ് സംഭവിച്ചില്ല എന്നല്ല, അത്തരം തെറ്റുകള്‍ക്കെതിരെ കൂട്ടമായി എതിര്‍ശബ്ദങ്ങളുയര്‍ന്നു. തെറ്റ് പറഞ്ഞവര്‍ക്ക് തിരുത്തേണ്ടി വന്നു. തിരുത്താത്തവരെ പുച്ഛത്തോടെ മലയാളികള്‍ തള്ളിക്കളഞ്ഞു. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ ചിത്രത്തില്‍ അഭിനയിക്കുകയും അത് പ്രേക്ഷകര്‍ കണ്ട് വിജയിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് മലയാളം സിനിമ വളര്‍ന്നു. ഇനിയും ഒാടിയെത്തിയെത്താത്തവര്‍ പിന്നിലായിപ്പോവും.