makeover-film

മെലിഞ്ഞും തടിച്ചും ചിലര്‍.  സിക്സ്പാക്കാകും മറ്റുചിലര്‍ക്ക്. . നീണ്ട താടി, മുടി, മീശ.. അങ്ങനെയങ്ങനെ പലതരത്തിലാണ് മേക്കോവറുകള്‍. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഞെട്ടിപ്പിക്കുന്ന രൂപമാറ്റമാണ് ഏറ്റവും ഒടുവിലത്തേത്. ഭാരം കൂട്ടിയും കുറച്ചും പട്ടിണി കിടന്നും കഥാപാത്രങ്ങൾക്കായി അദ്ഭുതപ്പെടുത്തുന്ന രൂപമാറ്റം നടത്തിയ ഒട്ടേറെ അഭിനേതാക്കളുണ്ട്.

 

കഥാപാത്രങ്ങളില്‍ വൈവിധ്യം തേടുന്ന മമ്മൂട്ടി തന്നെ രൂപമാറ്റങ്ങളിലെ തൊലതൊട്ടപ്പന്‍. എടുത്തു പറയേണ്ട മേയ്ക്ക് ഓവറുകളില്‍ മുന്‍നിരയിലാണ് മൃഗയയിലെ വാറുണ്ണി എന്ന കഥാപാത്രം. മുഖം കറുപ്പിച്ച്, ഒരു പല്ലില്ലാതെ വൃത്തിഹീനമായി പ്രാകൃതരൂപത്തിലെത്തിയ വാറുണ്ണി ഇന്നും അമ്പരപ്പിക്കുന്ന ഒരു വേഷമാണ്. വിധേയന്‍, പൊന്തന്‍മാട, സൂര്യമാനസം, മതിലുകള്‍, പാലേരി മാണിക്യം, അമരം,  ഭ്രമയുഗം,  ഡാനി തുടങ്ങി നിരവധി വേഷങ്ങള്‍ക്കായി താരം രൂപമാറ്റം നടത്തിയിട്ടുണ്ട്. ഡോ. ബാബാ സാഹെബ് അംബേദ്കറായുള്ള അദ്ദേഹത്തിന്റെ പരകായപ്രവേശം രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധ നേടി.

 

മോഹന്‍ലാലും മേയ്ക്കോവറുകളില്‍ ഒപ്പത്തിനൊപ്പമുണ്ട്. അങ്കിള്‍ബണ്‍, പ്രണയം, പരദേശി, ഒടിയന്‍, മലൈക്കോട്ടെ വാലിബന്‍, ജയിലര്‍, കായംകുളം കൊച്ചുണ്ണി, കൂതറ, ഉടയോന്‍, കാലാപാനി, പരദേശി, വാനപ്രസ്ഥം, രാജശില്‍പി,  കാപ്പന്‍. തുടങ്ങിയ സിനിമയിലെല്ലാം വ്യത്യസ്തരായ ഫിഗറുകള്‍ കണ്ടു. ഇനി വരാനിരിക്കുന്ന ബാറോസ് മേക്കോവറുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നുറപ്പ്

 

ജനപ്രിയനായകന്‍ ദിലീപ് മേക്കോവര്‍ പ്രിയന്‍ കൂടിയാണ്.  കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, ചക്കരമുത്ത്, പച്ചക്കുതിര, കേശു ഈ വീടിന്റെ നാഥന്‍, മായാമോഹിനി, സൗണ്ട് തോമ, മുല്ല, കമ്മാരസംഭവം..രൂപമാറ്റത്തില്‍ ഒരു പടി മുന്നിലാണ് ദിലീപ്  . കുഞ്ഞിക്കൂനന്‍ പോലുള്ള വേഷങ്ങള്‍ ചെയ്തത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെന്നു താരം പറഞ്ഞിട്ടുണ്ട്. സൗണ്ട്‌തോമയ്‌ക്ക് ഒരൽപ്പം മുറിച്ചുണ്ടുണ്ട്. മൂക്ക് വളഞ്ഞ് തത്തമ്മച്ചുണ്ടു പോലെ. രൂപത്തിലെ മാറ്റങ്ങൾ കൊണ്ടു രണ്ടുമാസത്തോളം മറ്റൊരു പരിപാടിക്കു പുറത്തുപോലും പോകാൻ പറ്റാത്ത അവസ്‌ഥയിലായിരുന്നു അന്ന് ദിലീപ്. മായാമോഹിനിക്ക് അഞ്ചുമണിക്കൂർ മേക്കപ്പാണ് ദിവസവും വേണ്ടി വന്നത്. സൗണ്ട് തോമയ്‌ക്ക് മൂന്നു മണിക്കൂറൂം’  

 

ദേഹമാസകലം വസൂരിക്കലകൾ ചുട്ടികുത്തിയ പെരുമലയനായി മാറിയ കളിയാട്ടത്തിലെ സുരേഷ്ഗോപിയുടെ കഥാപാത്രം മറക്കാനാകില്ല. മേക്കോവറിന്റെ ഗോദയില്‍ടൊവിനോ തോമസ് മോശക്കാരനല്ല. ഗപ്പി, മിന്നല്‍മുരളി, ഗോദ തുടങ്ങിയ സിനിമകളിലെല്ലാം വ്യത്യസ്തമായ ടൊവിനോയുടെ ഫിഗര്‍ കണ്ടു. അഭിനേതാവിന്റെ ടൂള്‍ ആണ് ശരീരം. ജയസൂര്യയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ശരീരം കൊണ്ട് പരീക്ഷണം നടത്തുന്ന നടനാണ് ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ സ്ക്രീനിലെത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ ഞെട്ടുമെന്നുറപ്പ്. ഇതുവരെ മലയാളി കാണാത്ത, കേൾക്കാത്ത കടമറ്റത്തച്ചന്റെ കഥ തിയറ്ററിലെത്തുമ്പോള്‍ ജയസൂര്യയുടെ ഒരു രൂപമാറ്റം കൂടി പ്രതീക്ഷിക്കാം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയെ സാരിയുടുപ്പിച്ച് സുന്ദരിയാക്കിയത് കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ ഭാര്യ സരിതയായിരുന്നു. ആട് ഒരു ഭീകരജീവിയിലും വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു. അപ്പോത്തിക്കിരിക്കായി 10 കിലോ കുറച്ച് ‘ഇതൊക്കെ എന്തെന്ന്’ തെളിയിച്ച താരമാണ് ജയസൂര്യ. നവാഗതനായ കെ.എസ്. ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലനു വേണ്ടി വീണ്ടും 

മെലിയാനാണ് ജയസൂര്യയുടെ തീരുമാനം. ചിത്രത്തിൽ വൈദികന്റെ വേഷമാണ്. ഇയ്യോബിന്റെ പുസ്തകത്തിലും വേറിട്ട ലുക്കായിരുന്നു.

 

ഓരോ കഥാപാത്രത്തിലും വ്യത്യസ്ത തേടുന്ന ഫഹദ് ഫാസിലും രൂപമാറ്റത്തില്‍ പിന്നിലല്ല. മാലിക്കിലെ സുലൈമാൻ എന്ന കഥാപാത്രത്തിന്റെ  20 വയസ്സ് മുതൽ 57 വയസ്സ് വരെയുള്ള നാലു കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രത്തിനായി 15 കിലോ ഭാരമാണ് ഫഹദ് കുറച്ചത്. 

 

ശരീരം വച്ച് അധികം പരീക്ഷണം നടത്താത്ത നടനാണ് ജയറാം. പൊന്നിയിന്‍ സെല്‍വം, പഞ്ചവര്‍ണത്തത്ത, നമോ, തീര്‍ഥാടനം. ഓസ്‌ലര്‍ തുടങ്ങിയ മികച്ച അഭിപ്രായം നേടിയ മേവറുകളായിരുന്നു. ചിരിപ്പിക്കുന്നതില്‍ മാത്രമല്ല, രൂപമാറ്റത്തിലും ജഗതി ശ്രീകുമാര്‍ അദ്ഭുതപ്പെടുത്തി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. സുരാജ് വെഞ്ഞാറമൂടിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മികച്ച അഭിപ്രായം നേടി. ബിജു മേനോന്‍, വിജയരാഘവന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരുടെ രൂപമാറ്റം എടുത്തു പറയേണ്ടതാണ്.  ബിജു മേനോന്‍ വൃദ്ധനായി അഭിനയിച്ച ആര്‍ക്കറിയാം 2021 ലെ മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. നൂറു വയസുകാരനായി വേഷമിട്ട പൂക്കാലത്തിലെ വിജയരാഘവനും കയ്യടി അര്‍ഹിക്കുന്നു. കുട്ടന്‍തമ്പുരാനടക്കം നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ മനോജ് കെ ജയന്റെ ഏറ്റവും മികച്ച മേക്കോവറായിരുന്നു അനന്തഭദ്രത്തിലെ ദിഗംബരന്‍. പത്തൊൻപതാം നൂറ്റാണ്ടിലെ കഥാപാത്രത്തെ സാക്ഷാത്കരിക്കാൻ സിജു വില്‍സന് ശരീരം മാറ്റിപ്പണിയേണ്ടി വന്നു. കളരിയും കുതിര സവാരിയും ഒക്കെയായി ഒരു വർഷത്തോളം നടത്തിയ കഠിനാധ്വാനമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. 

 

സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. മേക്കോവറുകളും അതിനൊപ്പം മാറും. പുതിയ രൂപങ്ങളുമായി ഇനിയും താരങ്ങളെ േേകാണാം,