ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ രണ്‍ദീപ് ഹൂഡ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു സ്വതന്ത്ര വീര്‍ സവര്‍ക്കര്‍. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം വലിയ വിവാദമാവുകയും വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. ബിജെപിയുടെ ആരാധ്യപുരുഷനായ സവര്‍ക്കറുടെ ജീവിതം സിനിമയാക്കിയതോടെ രണ്‍ദീപ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കും എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രണ്‍ദീപ് മല്‍സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ശരിയായ സമയമല്ല എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ദീപ് പറയുന്നത്. 'എന്‍റെ സിനിമകളും കരിയറും ഉപേക്ഷിച്ച് ഇപ്പോള്‍ രാഷ്‌ട്രീയത്തിലേക്ക് പോകാനാവില്ല. കാരണം പകുതി മനസോടെ എനിക്കൊന്നും ചെയ്യാനാവില്ല. എന്നെ പോലുള്ള സിനിമക്കാര്‍ക്ക് രാഷ്ട്രീയം ഗൗരവമേറിയ കരിയറാണ്. നിലവിലായിരിക്കുന്ന കരിയറില്‍ കൂടുതല്‍ ആത്മാര്‍ഥതയും പൂര്‍ണഹൃദയവമുണ്ട്. എന്നെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകും. ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍,' രണ്‍ദീപ് പറഞ്ഞു.
മാര്‍ച്ച് 22നാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. രൺദീപ് ഹൂഡക്കൊപ്പം അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Randeep Hooda about entering into politics