രൺദീപ് ഹൂഡ ചിത്രം സ്വതന്ത്ര്യ വീർ സവർക്കർ ഓസ്കാറില്‍ ഇന്ത്യയുടെ എൻട്രികളിലൊന്നായി ഔദ്യോഗികമായി സമർപ്പിച്ചതായി നിര്‍മാതാക്കള്‍. സമൂഹമാധ്യമത്തില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവായ സന്ദീപ് സിങ്, ചിത്രം ഓസ്‌കാറിനായി സമർപ്പിച്ചതായി അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞാണ് സന്ദീപ് സിങിന്‍റെ പോസ്റ്റ്. യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും ഓസ്‌കാറിനുള്ള ഈ അംഗീകാരം മുഴുവൻ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്‍റെ തെളിവാണെന്നും സന്ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
ഇത് തങ്ങളുടെ ടീമിന്‍റെ മാത്രമല്ല, അറിയപ്പെടാത്ത നമ്മുടെ നായകന്മാരുടെ കഥകൾ ഏറ്റെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും അഭിമാനത്തിന്‍റെ നിമിഷമാണെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളായ ആനന്ദ് പണ്ഡിറ്റ് പറഞ്ഞു. ‘ഇന്ത്യയുടെ ചരിത്രത്തെ ആഴത്തിൽ പ്രതിനിധീകരിക്കുന്ന ഒരു സിനിമ ഓസ്കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. നമ്മള്‍ മറന്നുപോയ കഥകളെ സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സ്വാതന്ത്ര്യ വീർ സവർക്കർ ലക്ഷ്യമിടുന്നതെന്ന് ചിത്രം സംവിധാനം ചെയ്യുകയും ചിത്രത്തില്‍ സവർക്കറായി വേഷമിടുകയും ചെയ്ത രണ്‍ദീപ് ഹൂഡ എന്‍എഐയോട് പറഞ്ഞു.
അതേസമയം, 96-ാമത് അക്കാദമി അവാർഡിൽ മത്സരിക്കുന്നതിനായുള്ള രാജ്യത്തിന്‍റെ ഔദ്യോഗിക തിരഞ്ഞെടുപ്പായ കിരൺ റാവുവിന്‍റെ 'ലാപത ലേഡീസ്' ടീമിനും നിർമ്മാതാക്കൾ ആശംസകൾ നേര്‍ന്നു. ‘കിരൺ റാവുവിനും മുഴുവൻ ലാപത ലേഡീസ് ടീമിനും ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ആഗോള പ്ലാറ്റ്‌ഫോമിൽ ഇന്ത്യൻ സിനിമയുടെ ശക്തിയെ പ്രതിനിധീകരിക്കും, അതു തന്നെ വജയമാണ്’ സ്വതന്ത്ര്യ വീർ സവർക്കറിന്‍റെ നിര്‍മാതാക്കള്‍ പറയുന്നു.