avesham

തിയറ്ററുകളില്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഫഹദ് ഫാസില്‍ നായകനായ ആവേശം മുന്നേറുമ്പോള്‍ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചതിന്റെ ത്രില്ലില്ലാണ് നാല് ചെറുപ്പക്കാര്‍. സിനിമാഭ്രാന്ത് മൂത്ത് പഠനം പാതിവഴിയിലായത് ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ഏറെയുള്ള നാലുപേരും സംവിധായകന്‍ ജിത്തു മാധവന്റെ ഒറ്റ ഫോണ്‍ കോളിലാണ് സിനിമയില്‍ എത്തിയത്.

 

സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം തേടുന്ന ഒരുപാടുപേര്‍ക്കിടയില്‍ അധ്വാനവും ഭാഗ്യവും അവസരം വച്ചുനീട്ടിയപ്പോള്‍ ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടിനേടിയ ചെറുപ്പക്കാര്‍. ഫഹദിനൊപ്പം സിനിമയില്‍ മുഴുനീള വേഷംചെയ്ത തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് പിന്നെ നെഗറ്റീവ് ഷെയ്ഡുള്ള കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച തൃശൂരുകാരന്‍ മിഥൂട്ടി. നവമാധ്യമ റീലുകളില്‍ സ്റ്റാറായ നാലുപേരുെടയും കഴിവുകണ്ടറിഞ്ഞാണ് സംവിധായകന്‍ ജിത്തു മാധവന്‍ സിനിമയിലേക്ക് വിളിച്ചത് .

 

ഫഹദ് ഫാസില്‍ നായകനായ സിനിമയുടെ ഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. നാട്ടിലെ പരിചയവട്ടങ്ങളില്‍നിന്നും ഇന്‍സ്റ്റ റീലുകളില്‍നിന്നും ബിഗ് സ്ക്രീനിലെത്തിയപ്പോള്‍ നാട്ടുകാരും ഞെട്ടി.

 

സിനിമയില്‍ മുന്‍ പരിചയമില്ലാത്തവരാണ് നാലുപേരുമെന്ന് ഒരാളെ കൊണ്ടും പറയിക്കാതെയുള്ള പ്രകടനം. അങ്ങനെ പ്രേക്ഷകരെ ഞെട്ടിച്ച തൃശൂരുകാരന്‍ മിഥൂട്ടിയും കയ്യടികള്‍ക്ക് നടുവിലാണ് മനോരമ ന്യൂസ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.

 

സിനിമയില്‍ സജീവമായി നിലനില്‍ക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് നാലുപേര്‍ക്കും. അതിന് ആദ്യ സിനിമ കൊണ്ടുവന്ന ഭാഗ്യം മാത്രം പോരായെന്ന തിരിച്ചറിവാണ് മുതല്‍കൂട്ട്.