‘ഇക്കാ.. ഇനി സിനിമയില്‍ ഏതെലും വേഷം നിങ്ങള്‍ ചെയ്യാനുണ്ടോ’ എന്ന് നടന്‍ സിദ്ദീഖിനോട് ചോദിച്ചാല്‍ സ്ഥിരം ചിരിയോടെ പറയും ‘നമ്മളെ തേടി വരുന്ന ഏത് വേഷവും നന്നായി ചെയ്യുക, നല്ല കഥാപാത്രമായി പ്രേക്ഷരിലേക്ക് എത്തുക’. റോൾ ഏതായാലും അത് സിദ്ദീഖിന്റെ കയ്യില്‍ ഭദ്രമെന്ന് ആസ്വാദകലോകം ഒന്നാകെ പറയുന്ന ഒരേ ഒരു നടന്‍. സഹതാരമായി കരിയര്‍ തുടങ്ങി, പിന്നീട് നായകനായും വില്ലനായും കാമുകനായും അച്ഛനായും മുത്തശനായും മന്ത്രിയായും പൊലീസായും പട്ടാളമായും എല്ലാം നിറഞ്ഞാടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മലയാളത്തിലെ പെർഫെക്ട് താരം ഇനി അഭിനയിക്കുന്നത് ചിയാന്‍ വിക്രമിനൊപ്പം. എസ്.യു.അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര ശൂരൻ’ എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ സിദ്ദീഖ് എത്തുന്നത്. സിദ്ദിഖിനെ ചിത്രത്തിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ സഹിതമാണ് നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുകയാണ് താരം.
വിക്രമിനൊപ്പം ആദ്യ സിനിമ
വിക്രമിനൊപ്പം എന്‍റെ ആദ്യത്തെ സിനിമയാണ് ‘വീര ധീര ശൂരൻ’ , സിനിമയുടെ തുടക്കം മുതല്‍ വിക്രമിനൊപ്പമുള്ള റോളാണ് എന്‍റേത്. പെരിയോര്‍ എന്ന കഥാപാത്രമായാണ് ഞാന്‍ ഈ സിനിമയില്‍ എത്തുന്നത്. മുപ്പത്തിയഞ്ച്, നാല്‍പത് ദിവസമാണ് എന്‍റെ ഡേറ്റ് ഈ സിനിമയ്ക്ക് വേണ്ടി വാങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍റെ വെന്ത് തനിന്തത് കാട് അടക്കം കുറച്ച് തമിഴ് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ വിത്യസ്തമായ നല്ലൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.
സംവിധായകന്‍ നേരിട്ട് വിളിച്ചു
പണ്ണൈയാറും പത്മിനിയും മുതല്‍ ചിത്ത വരെയുള്ള ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ എസ് യു അരുണ്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘വീര ധീര ശൂരൻ’ സംവിധായകന്‍ തന്നെ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിവരിച്ചപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. സംവിധായകന്‍റെ മുന്‍ സിനിമകളെ പറ്റി എനിക്ക് അറിയാമായിരുന്നു. നല്ലൊരു സിനിമയില്‍ മുഴുനീള വേഷത്തില്‍ തമിഴില്‍ എത്താന്‍ കഴിയുന്നതില്‍ വലിയ സന്തോഷം.
ഷൂട്ട് മഥുരയില്‍; ‘പെരിയോര്‍’ വേറിട്ട വേഷം
മഥുരയിലാണ് ചിത്രത്തിന്‍റെ ഷൂട്ട്, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ‘പെരിയോര്‍’ എന്ന കഥാപാത്രം വേറിട്ട വേഷം തന്നെയാണ്. മെയ് 29ന് ഞാന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്യും.