തിയറ്ററുകളില്‍ ആവേശം നിറച്ച് ഹിറ്റടിക്കുന്ന രംഗണ്ണന്‍റെ ലൈസന്‍സുമായി എത്തിയിരിക്കുകയാണ് ആവേശത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍. രംഗണ്ണന്‍റ യഥാര്‍ഥ പേരും വയസും കാണിക്കുന്ന ലൈസന്‍സ് ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എട മോനേ ലൈസന്‍സൊണ്ടോ ? ഇല്ലെങ്കി എന്‍റെ ലൈസന്‍സ് അമ്പാന്‍റടുത്തുണ്ട് അത് വാങ്ങിച്ചോ... എന്ന സിനിമയിലെ സംഭാഷണമാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്. രഞ്ജിത്ത് ഗംഗാധരന്‍ എന്നാണ് രംഗണ്ണന്‍റെ യഥാര്‍ത്ഥ പേര്. 46 വയസാണ് പ്രായം. രഞ്ജിത്തിന്‍റെയും ഗംഗാധരന്‍റെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് രംഗണ്ണന്‍ ആയത്.
എടാ മോനെ സീറ്റ് ബെൽറ്റ് ഇട്, രംഗണ്ണന്‍ ഹാപ്പിയല്ലേ തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന് കീഴിലാകെ. അമ്പാന്‍റെ ശരിയായ പേര് ചോദിച്ചും ആരാധകര്‍ കമന്‍റുകളുമായി എത്തുന്നുണ്ട്.
ചിത്രം തിയറ്ററില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ആഗോളതലത്തില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 50 കോടിയിലധിം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷു റിലീസായെത്തിയ ചിത്രം മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ 350ലധികം സ്‌ക്രീനുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്.
ഫഹദിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് രംഗണ്ണനെന്നാണ് പ്രേക്ഷകപ്രതികരണം.ജയ് ഗണേഷ്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ മല്‍സരമുഖത്തുണ്ടായിട്ടും ആവേശത്തിനും രംഗണ്ണനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.