പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ദ റെസ്പോണ്ടർ എന്ന ടിവി പരമ്പരിലാണ് അവസാനം അഭിനയിച്ചത്. ദ റെസ്പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലാണ് ബെർണാർഡ് ഹില്ലിന്റെ അപ്രതീക്ഷിത വിയോഗം. 5 പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു ഹില്ലിന്‍റേത്.
'ദ ലോർഡ് ഓഫ് ദ റിംഗ്സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ബെർണാഡ് ഹിൽ. ടെറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേർഡ് സ്മിത്ത് എന്ന കഥാപാത്രം ഒന്ന് മാത്രം മതി ബെർണാഡ് ഹിൽ എന്ന നടനെ കാലം എന്നും ഓര്‍മിക്കാന്‍. നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു ബെർണാർഡ് ഹിൽ. സിനിമ കൂടാതെ നാടകങ്ങളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
11 ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ബെർണാഡ് ഹിൽ ആയിരുന്നു. ടൈറ്റാനിക്കും ലോർഡ് ഓഫ് ദ റിംഗ്സുമായിരുന്നു ആ രണ്ടു ചിത്രങ്ങള്‍. 1944 ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച ബെർണാർഡ് ഹില്‍ 'ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്. അനശ്വര നടന്‍ ബെർണാഡ് ഹില്ലിന് ആദരാജ്ഞലി അര്‍പ്പിക്കുകയാണ് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും.
Bernard Hill; Titanic and Lord of the Rings actor dies