പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായെത്തി രജനീകാന്ത്. അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തുമാണ് താരം സന്ദർശനം നടത്തിയത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിലാണ് ഇരുവരും യൂസഫലിയുടെ വീട്ടിലേക്ക് പോയത്. ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ച് സമയം ചിലവഴിച്ചതിനുശേഷമാണ് ഇരുവരും പിരിഞ്ഞത്.
ഇരുവരും ഒരുമിച്ചുളള യാത്രയുടെ വിഡിയോയെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതും വീട്ടിലെത്തി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകവും ആരാധകർ കമന്റായി പങ്കു വച്ചു.