anjali

മലയാളത്തില്‍ ഈയിടെ ഇറങ്ങി ഹിറ്റടിച്ച പല ചിത്രങ്ങളിലും നായികമാരില്ലായിരുന്നു. ഇതിന് പിന്നാലെ മലയാളത്തില്‍ നായികയില്ലെങ്കില്‍ ചിത്രം ഹിറ്റടിക്കുമെന്നടക്കമുള്ള തരത്തില്‍ ചര്‍ച്ചകളും പരന്നു.  

ഇതിനെതിരെ 'മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്' എന്ന് ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് സംവിധായിക അഞ്ജലി മോനോന്‍. നവമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി പോസ്റ്റ് പങ്കുവെച്ചത്. 

അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഭ്രമയുഗം, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.  യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ചിട്ടും ആവേശം എന്ന സിനിമയില്‍ ശക്തമായ ഒരു സ്ത്രീകഥാപാത്രം ഉണ്ടായിരുന്നില്ലെന്നും പേരിന് മാത്രം വാര്‍പ്പ് മാതൃകയില്‍ ഒരു അമ്മ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നെന്നുമാണ് വിമര്‍ശനം. 

കഴിഞ്ഞ കുറച്ച് കാലത്തിനിടെ പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന നായിക പ്രാധാന്യമുള്ള രണ്ട് സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളതെന്നും പറയുന്നുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം, 2012ല്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ സിനിമകളാണ് ഇതിന് ഉദാഹരണമായി പറഞ്ഞുവെക്കുന്നത്. 

അടുത്തിടെ നിഖില വിമല്‍ പറ‍ഞ്ഞ ഒരു പ്രസ്താവനയും ഇതിനോടൊപ്പം ചേര്‍ക്കുന്നുണ്ട്. വന്ന് വെറുതെ പോകുന്നതിലും നല്ലത് സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന വിമലയുടെ വാക്കുകളാണ് പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്. സിനിമാ മോഹികളായ സ്ത്രീകളെ പ്രചോദിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പമെന്‍റ് കോര്‍പ്പറേഷന്‍ ഉണ്ടെങ്കിലും പുരുഷാധിപത്യം നിലനില്‍ക്കുന്ന സിനിമാ വ്യവസായത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് പുരുഷന്‍മാരാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

എന്നാല്‍ യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും കമന്‍റിലൂടെ ചോദിക്കുന്നത്. ജയ ജയ ജയഹേ, പ്രേമലു, ഹൃദയം എന്നിവ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തമായ പ്രധാന്യം നല്‍കി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളാണെന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

'Where are the womens in Malayalam cinema?'; Anjali Menon shared the poster